ചേർത്തല: യുക്തിവാദി നേതാവ് ആയിരുന്ന പവനന് ഓർമ്മശക്തി നഷ്ടപ്പെട്ടത് സ്വാഭാവികമായിരുന്നോ എന്നും അതിൽ ദുരൂഹതയുണ്ടെന്നും മുതിർന്ന യുക്തിവാദി നേതാവ് ശ്രീനി പട്ടത്താനം. ചേർത്തലയിൽ ‘അഖില ലോക മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവക’ സംഘടിപ്പിച്ച പവനൻ- സുമനൻ അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന സാന്നിദ്ധ്യമായിരുന്നു പവനൻ. ഒരു സുപ്രഭാതത്തിൽ പവനന്റെ ഓർമ ശക്തി നഷ്ടപ്പെട്ടു. അതോടെ പവനന്റെ മനസ്സ് മരണപ്പെട്ടു. ദേഹം മാത്രം അവശേഷിച്ചു. വീട്ടിൽ ദീർഘകാലം അങ്ങനെ കഴിഞ്ഞു. സുഹൃത്തുക്കളും മാധ്യമങ്ങളും പവനനെ മറന്നു. ആ സന്ദർഭത്തിൽ താനും എ.വി ജോസും കെ.കെ അബ്ദുൽ അലിയും അബ്ദു ഇമേപ്പയൂരും ചേർന്നു പവനന്റെ വീട്ടിൽ ചെന്നു, ഞങ്ങൾ യുക്തിവാദികൾ ആണ് കാണാൻ വന്നിരിക്കുന്നതെന്നും പേരുകൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു തിളക്കവും മുഖത്ത് ചില ചലനങ്ങളും കണ്ടു എന്നും ഭാര്യ പാർവ്വതിയും മകൾ ശ്രീരേഖയും അവിടെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പവനന്റെ ഈ അവസ്ഥയെക്കുറിച്ചു അടുത്ത ലക്കം യുക്തിരാജ്യത്തിൽ കവർ സ്റ്റോറിയായി റിപ്പോർട്ട് ചെയ്തു. ഇതു കണ്ട മാധ്യമം പത്രം “ഇങ്ങനെ ഒരാൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ” എന്ന ഹെഡിംഗിൽ ഒരു വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ആ വാർത്തയുടെ ഉള്ളടക്കത്തിൽ ഒരു ചോദ്യം ഉയർത്തിയിരുന്നു. പവനന്റെ പതനം സ്വാഭാവികമാണോ? എന്നതായിരുന്നു അത്.

പതിവുപോലെ പവനൻ ഒരു യോഗത്തിൽ പ്രസംഗിച്ചു മടങ്ങിവരുമ്പോൾ അസ്വസ്ഥത തോന്നിയതിനാൽ ഒരു പ്രൈവറ്റ് ആസ്പത്രിയിൽ അഡ്മിറ്റായി. പവനന് ഹൃദ്രോഗമാണെന്നു ഡോക്ടർ പറഞ്ഞു എന്നിട്ടൊരു ഇഞ്ചക്ഷൻ കൊട്ത്തു. അതോടെ പവനന് ചെവി കേൾക്കാതായി. തുടർന്നു കുറെ ദിവസം ഈയർ ഫോൺ ഉപയോഗിച്ചു. ഈ സന്ദർഭത്തിൽ അസുഖമറിഞ്ഞു പവനനെ കാണാനെത്തിയ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ള മരുന്നിന്റെ തുണ്ടുകൾ പരിശോധിച്ചിട്ടു പറഞ്ഞു ഇതിലെഴുതിയിരിക്കുന്ന മരുന്നുകൾ ഹൃദ്രോഗത്തിന്റേതല്ലെന്നു മാത്രമല്ല പിൽക്കാലത്ത് പവനനന്ഹൃദ്രോഗം വന്നിട്ടുമില്ല. ചുരുക്കത്തിൽ നൽകിയ മരുന്നിന്റെ റിയാക്ഷനായിരുന്നോ പവനനുബാധിച്ച ബധിരതയും ഓർമ്മശക്തിയുടെ തകർച്ചയും എന്നകാര്യത്തിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു,
സുമനൻ സാറുമായിട്ടും തനിക്ക് അരനൂറ്റാണ്ടിലേറെക്കാലത്തെ സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും, അദ്ദേഹം ഏതെങ്കിലും ഒരു സംഘടനയുടെ മാത്രം ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്ന ആളല്ലെന്നും സംഘടനയ്ക്ക് അതീതമായി ഒറ്റയാൾ സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തുക മാത്രമല്ല എല്ലാ യുക്തിവാദികളുമായും സംഘടനകൾക്ക് അതീതമായി സൗഹൃദങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്നയാൾ ആണെന്നും ശ്രീനി പട്ടത്താനം അനുസ്മരിച്ചു. സുമനൻ സാറിനേക്കാൾ അദ്ദേഹത്തിൻറെ പിതാവിനോടാണ് തനിക്ക് ബഹുമാനം തോന്നുന്നതെന്നും, അദ്ദേഹത്തിൻറെ അച്ഛൻ വേഴപ്ര പുത്തൻകളത്തിൽ പദ്മനാഭൻ ആദ്യകാല എസ്എൻഡിപി നേതാക്കളിൽ ഒരാളായിരുന്നു എന്നും മകന് ഇങ്ങനെ ഒരു അർത്ഥവത്തായ പേരിട്ടത് അദ്ദേഹം വളരെ ചിന്തിച്ചിട്ടായിരിക്കുമല്ലോ എന്നും താൻ തൻറെ മകന് ഇതുപോലെ ഒരു പേരിടാൻ കുറെ തിരഞ്ഞെങ്കിലും ഇത്രയും അർത്ഥവത്തായ ഒരു പേര് ലഭിച്ചില്ലെങ്കിലും അവസാനം മാനവീയൻ എന്ന് പേരിടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സുമനൻ എന്നാൽ നല്ല മനസ് ഉള്ളവൻ എന്നാണ് അർത്ഥമെന്നും ആ പേര് അന്വർത്ഥമാക്കുന്ന വ്യക്തിത്വം ആയിരുന്നു സുമനൻ സാർ എന്നും, എന്നാൽ പ്രസംഗത്തിനപ്പുറം അദ്ദേഹം നടത്താറുള്ള പ്രത്യക്ഷ ഇടപെടലിന്റെയും ആരുടേയും മുഖം നോക്കാതെയുള്ള തുറന്നുപറച്ചിലിന്റെയും ഭാഗമായി സംഘടനയ്ക്ക് ഉള്ളിലും പുറത്തുമെല്ലാം ധാരാളം ശത്രുക്കളെയും അദ്ദേഹം സമ്പാദിച്ചിരുന്നു എന്നും ശ്രീനി പട്ടത്താനം പറഞ്ഞു.
പിപി സുമനൻ സാറിൻറെ സ്മരണാർത്ഥം ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം പ്രൊഫ: ഫ്രാൻസിസ് സേവ്യർ നിർവഹിച്ചു, ചേർത്തല ലാഫിയാലു പബ്ലിക്ക് സ്കൂളിന് നിലവിൽ ഉള്ള ലൈബ്രറി ഇപ്പോൾ സംഭാവനയായി കിട്ടിയ പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ന് മുതൽ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറി ആയി പ്രവർത്തിക്കുമെന്നും, സ്കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറിക്ക് സ്ഥിരം സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.


