Tue. Aug 18th, 2026

വലിയ ബജറ്റല്ല, മറിച്ച് മികച്ച ഉള്ളടക്കവും അവതരണവുമാണ് ഒരു സിനിമയെ വിജയത്തിലെത്തിക്കുന്നതെന്ന് തെളിയിച്ചുകൊണ്ട് തമിഴ് ചിത്രം ‘ബ്ലാസ്റ്റ്’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ആക്ഷൻ കിംഗ് അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ഈ ആക്ഷൻ ഫാമിലി ഡ്രാമയ്ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ പതിഞ്ഞ തുടക്കമായിരുന്നെങ്കിലും, മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം മുതൽ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ രീതിയിൽ സ്ക്രീനുകൾ വർദ്ധിക്കുകയായിരുന്നു. നിലവിൽ ഇരു സംസ്ഥാനങ്ങളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

വെറും 18 കോടി രൂപയുടെ ചെറിയ നിർമ്മാണ ചെലവിൽ ഒരുങ്ങിയ ചിത്രം ഇപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബും കടന്ന് ജൈത്രയാത്ര തുടരുകയാണ്. പ്രമുഖ സിനിമാ ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തിൽ 59 കോടിയോളം രൂപ വാരിക്കൂട്ടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 45 കോടി രൂപയാണ് ‘ബ്ലാസ്റ്റ്’ ഇതുവരെ സ്വന്തമാക്കിയത്. ഇനി വെറും 5 കോടി കൂടി നേടിയാൽ ഇന്ത്യയിൽ നിന്ന് മാത്രം 50 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് ചിത്രം എത്തിച്ചേരും. മുൻപ് കേരളത്തിൽ വലിയ കളക്ഷൻ നേടിയ ‘വിത്ത് ലവ്’, ‘ടൂറിസ്റ്റ് ഫാമിലി’ എന്നീ സിനിമകൾക്ക് സമാനമായ തരംഗമാണ് ‘ബ്ലാസ്റ്റും’ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

അർജുൻ സർജയ്ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് വശമായി പ്രേക്ഷകർ വിലയിരുത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്‌റൂർ ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിന് വലിയ കരുത്തേകുന്നു. അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. എജിഎസ് എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാധാകൃഷ്ണനും എഡിറ്റിങ് പ്രദീപ് രാഘവുമാണ് നിർവ്വഹിച്ചിരിക്കുന്നത്.