ആഗോള സമുദ്ര ഗതാഗതത്തിന്റെ നിർണ്ണായക ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ചാലുകൾ നിയന്ത്രിക്കാൻ ഇറാൻ പുതിയ സംവിധാനം ഒരുക്കുന്നു. ഈ തന്ത്രപ്രധാന ജലപാതയിലൂടെയുള്ള കപ്പൽ നീക്കങ്ങൾക്കായി ഇറാൻ ഒരു പ്രത്യേക റൂട്ട് അന്തിമമാക്കിയിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സെക്യൂരിറ്റി സമിതി തലവൻ ഇബ്രാഹിം അസീസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ പുതിയ സംവിധാനത്തിന് കീഴിൽ നൽകുന്ന പ്രത്യേക സേവനങ്ങൾക്കായി കപ്പലുകളിൽ നിന്ന് ‘ആവശ്യമായ ഫീസ്’ ഈടാക്കാനും ഇറാൻ പദ്ധതിയിടുന്നുണ്ട്.

അമേരിക്കൻ നേതൃത്വത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ആരംഭിച്ച ‘പ്രൊജക്റ്റ് ഫ്രീഡം’ എന്ന സമുദ്ര സംരംഭത്തിന് ഈ പാത ഉപയോഗിക്കാൻ കഴിയില്ലെന്ന് അസീസി വ്യക്തമാക്കി. തങ്ങളുടെ സ്വാധീനം തകർക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഈ നീക്കം. ഇറാനുമായി സഹകരിക്കുന്ന കപ്പലുകൾക്ക് മാത്രമേ പുതിയ റൂട്ടിന്റെ പ്രയോജനം ലഭിക്കൂ. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും, ശത്രുതയുള്ള രാജ്യങ്ങൾക്ക് ഈ ജലപാത അടച്ചിടുമെന്ന് അദ്ദേഹം ആവർത്തിച്ചു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ചർച്ചകൾ തുടരാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം സന്നദ്ധത അറിയിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഡൽഹിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുമായി ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ സന്ദേശങ്ങൾ ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിടുന്നു. ഇറാനുമായി നേരിട്ട് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ ഒഴികെ മറ്റെല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്നും അരഗ്ചി കൂട്ടിച്ചേർത്തു.

