ന്യൂഡൽഹി: പ്ലാസ്റ്റിക് കുപ്പികളിലും പാക്കറ്റുകളിലും വിൽക്കുന്ന വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവയിൽ മൈക്രോ/നാനോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ടാകാമെന്ന മുന്നറിയിപ്പ് നിർബന്ധമായും പതിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ജനങ്ങൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ബോധവാന്മാരാകട്ടെ എന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. മുന്നറിയിപ്പ് നൽകുന്നത് ഉപഭോക്താക്കളിൽ പരിഭ്രാന്തിയുണ്ടാക്കുമെന്ന പാക്കേജിങ് അസോസിയേഷന്റെ വാദം കോടതി തള്ളുകയും ചെയ്തു.
മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. രക്തധമനികളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 4.5 മടങ്ങ് വർദ്ധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മുലപ്പാലിലും ശ്വാസകോശത്തിന്റെ ഉള്ളറകളിലും മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയത് വലിയ ആശങ്കകൾക്ക് വഴിതുറന്നിരുന്നു. പി.വി.സി, പോളി എത്തിലിൻ തുടങ്ങിയ പ്ലാസ്റ്റിക് പദാർത്ഥങ്ങളാണ് പ്രധാനമായും മനുഷ്യശരീരത്തിൽ ഇത്തരത്തിൽ കടന്നുകൂടുന്നത്.

അഞ്ച് മില്ലിമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള പ്ലാസ്റ്റിക് കണികകളെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, സഞ്ചികൾ, കൃത്രിമ നാരുകൾ എന്നിവ സൂര്യപ്രകാശത്തിന്റെയോ മറ്റ് പ്രകൃതിദത്ത മാറ്റങ്ങളുടെയോ ഫലമായി പൊടിഞ്ഞാണ് ഇത്തരം സൂക്ഷ്മകണങ്ങളായി മാറുന്നത്. ലോകമെമ്പാടും ഉത്പാദിപ്പിക്കപ്പെടുന്ന കോടിക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലക്രമേണ വിഘടിച്ച് മണ്ണിലും വെള്ളത്തിലും വായുവിലും കലരുകയാണ് ചെയ്യുന്നത്.
ഭക്ഷണം, ശ്വസനം, സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെ മൂന്ന് പ്രധാന വഴികളിലൂടെയാണ് മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ എത്തുന്നത്. ശ്വസനത്തിലൂടെ മാത്രം മണിക്കൂറിൽ ശരാശരി 16.2 പ്ലാസ്റ്റിക് ശകലങ്ങൾ മനുഷ്യശരീരത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തിൽ, ഭക്ഷണ പദാർത്ഥങ്ങളുടെ പാക്കറ്റുകളിൽ കൃത്യമായ വിജ്ഞാപനം ഇറക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (FSSAI) കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

