✍️ ഷാജി കിഴക്കേടത്ത്
കേരളം ലോകത്തിനു സംഭാവന ചെയ്ത യുഗപ്രഭാവനായ യുക്തിചിന്തകനാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. കേരള നവോത്ഥാനത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ കാലാതീതമായി അദ്ദേഹത്തിൻ്റെ രചനകളിലൂടെ സ്മരിക്കപ്പെടും. “വിചാര വിപ്ലവം” എന്ന ഒറ്റ പുസ്തകം തന്നെ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും ശാസ്ത്രീയ സമീപനവും തുറന്നുകാട്ടുന്നു. ഭക്തിയിൽ നിന്നും യുക്തിചിന്തയുടെ വിശാലമായ വിഹായസിലേയ്ക്ക് പറന്നുയർന്ന ചരിത്രമാണ് കുറ്റിപ്പുഴയുടെ ജീവിതം.
ഭക്തിയിലും വേദാന്തചിന്തകളിലും വ്യാപരിച്ചിരുന്ന അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത്. ചാൾസ് ഡാർവിൻ്റെ ഒറിജിൻ ഓഫ് സ്പീഷ്യസ്, ഡിസൻറ് ഓഫ് മാൻ തുടങ്ങിയ കൃതികളാണ്. ഭക്തിയിൽ നിന്നും അദ്വൈതത്തിൽ നിന്നും ശാസ്ത്രചിന്തയുടെയും യുക്തിവാദ സരണിയുടെയും ലോകത്തേക്ക് കടന്ന കുറ്റിപ്പുഴ പിന്നീട് മാർക്സിൻ്റെയും എംഗൽസിൻ്റെയും കൃതികളുടെ പഠനത്തിലൂടെ ബൗദ്ധികപരിവർത്തനത്തിൻ്റെ പുതുധാരയിലേയ്ക്ക് പ്രവേശിച്ചു. ബർട്രാൻഡ് റസലിൻ്റെ രചനകളും അദ്ദേഹത്തിൻ്റെ ചിന്താധാരയെ രാകിമിനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

1940 ൽ പ്രസിദ്ധീകരിച്ച “വിചാരവിപ്ലവം” രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർക്കിടയിൽ ഒരു പ്രാഥമികപാഠപുസ്തകമായി പരിഗണിക്കപ്പെടുകയും ചെയ്തു.
യുക്തിവിഹാരം, ചിന്താതരംഗം, മനനമണ്ഡലം, വിമർശനരശ്മി, നവദർശനം, നിരീക്ഷണം,
സാഹിതീയം തുടങ്ങി അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങളെല്ലാം സാഹിത്യ-സാംസ്കാരിക രംഗത്തെ
അമൂല്യമായ സംഭാവനകളായി കണക്കാക്കപ്പെടുന്നു.
ജ്ഞാനസമ്പാദനത്തിൽ യുക്തിയുക്തമായ വിചാരശീലം വളർത്തിയെടുക്കുന്നതിൽ കുറ്റിപ്പുഴയുടെ രചനകൾ വഹിച്ച പങ്ക് വളരെ വലുതാണ്. മനുഷ്യൻ്റെവിചാരശീലത്തിൽ കടന്നുകയറാറുള്ള കാടും പടലും നീക്കം ചെയ്ത് ശാസ്ത്രീയ വീക്ഷണം വളർത്തുന്നതിനു ശ്രമിച്ച കുറ്റിപ്പുഴയുടെ രചനകൾ
സത്യാന്വേഷികൾക്കെന്നും വഴികാട്ടുന്നവയാണ്.
ചിന്താലോകത്തെ ആശയവാദത്തെ വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തുന്ന ഭൗതികവാദ ചിന്താധാര കൊണ്ട് നേരിട്ട കുറ്റിപ്പുഴയുടെ ശാസ്ത്രനിബദ്ധമായ ആശയ പ്രപഞ്ചമാണ് സത്യാന്വേഷികൾക്കെന്നും വഴികാട്ടുന്നത്. കുറ്റിപ്പുഴയുടെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ സ്നേഹാദരം!


