തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ ഒടിടിയിലും വൻ കുതിപ്പ് തുടരുന്നു. ആഗോള ബോക്സ് ഓഫീസിൽ 150 കോടി എന്ന നാഴികക്കല്ല് പിന്നിട്ട ചിത്രം, ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. നിവിൻ പോളിയുടെ മാസ്മരിക തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കുകയാണ്.

തിയേറ്ററിൽ വലിയ വിജയമാകുന്ന ചിത്രങ്ങൾ ഒടിടിയിൽ എത്തുമ്പോൾ വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച സർവ്വം മായയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിവിന്റെ കോമഡി ടൈമിംഗും സ്ക്രീൻ പ്രസൻസും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നിവിനെ വെല്ലാൻ നിവിൻ മാത്രമേയുള്ളൂ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. ‘ഡെലുലു’ എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച റിയ ഷിബുവിനും അഭിനന്ദനപ്രവാഹമാണ്. ചിത്രത്തിലെ കോമഡി രംഗങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം വെറും 10 ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ആദ്യ പകുതിയിലെ തമാശകളും രണ്ടാം പകുതിയിലെ വൈകാരിക നിമിഷങ്ങളുമാണ് ചിത്രത്തെ ഫീൽ ഗുഡ് എന്റർടെയ്നറാക്കി മാറ്റിയത്.

