✍️ ഷാജി കിഴക്കേടത്ത്
1922 ഫെബ്രുവരി 9 നു ആന്ധ്രപ്രദേശിലെ “നഗ്ണ്ടല ” ഗ്രാമത്തിലെ ഒരു മധ്യവർഗ്ഗ കർഷകകുടുംബത്തിലാണ് റാവിപുഡിയുടെ ജനനം. യുക്തിചിന്തകനായിരുന്ന ത്രിപുരനേനി രാമസ്വാമിയുടെ “സാംബുകവാഡ” യുടെ വായന അദ്ദേഹത്തെ യുക്തി ചിന്തയിലേക്ക് നയിച്ചു.
1949 ൽ എം.എൻ.റോയിയുടെ പഠനക്യാമ്പുകളിൽ പങ്കെടുത്ത റാവിപുഡി, തൻ്റെ ആശയമണ്ഡലം സയൻസിൻ്റെ അടിത്തറയിൽ ഉറപ്പിച്ചു. സത്യാന്വേഷണത്തിൻ്റെ ചിന്താധാര യുക്തിചിന്തയും ശാസ്ത്രാവബോധവുമാണെന്ന ബോധ്യ ത്തിലേക്ക് അദ്ദേഹമെത്തി.
1989 ൽ റാഷണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും 1993 ൽ റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസിയേഷൻ്റെയും പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മതം, സയൻസ്, യുക്തിവാദം, ഭൗതികവാദം, മാർക്സിസം, നിരീശ്വരവാദം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് തൊണ്ണൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ചു.

യുക്തിചിന്തയെ ആസ്പദമാക്കി “യുക്തിവാദം ” എന്ന പേരിൽ ആദ്യമായൊരു കൃതി എഴുതിയത് റാവിപുഡി വെങ്കടാദ്രിയാണെന്ന് കരുതപ്പെടുന്നു. ആന്ധ്രപ്രദേശിൽ മാത്രമൊതുങ്ങിയതായിരുന്നില്ല അദ്ദേഹത്തിൻ്റെ പ്രവർത്തനമണ്ഡലം. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളിലും വിദേശങ്ങളിലും സഞ്ചരിച്ചു. ജനങ്ങളുടെചിന്താമണ്ഡലത്തിൽ യുക്തിചിന്തയുടെ വെളിച്ചം പകർന്നു നൽകാൻ പ്രയത്നിച്ച അദ്ദേഹത്തിനു നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
2021-ൽ ചാർവാകകലാപീഠം മോഡേൻ ചാർവാകദേശീയ അവാർഡ് നൽകി ആദരിച്ചു. ബൗദ്ധികരംഗത്തെ സമഗ്രമായപ്രവർത്തനങ്ങൾ പരിഗണിച്ച് 1996-ൽ ഉപരാഷ്ട്രപതി കെ.ആർ.നാരായണനിൽ നിന്നും അവാർഡു ലഭിച്ചു.
ആന്ധ്രപ്രദേശിലെ ഇങ്കൊല്ലുവിൽ അദ്ദേഹം സ്ഥാപിച്ച റാഡിക്കൽ ഹ്യൂമിനിസ്റ്റു സെൻ്റർ ഇന്നു ശാസ്ത്രപ്രചാരകരുടെയും യുക്തിചിന്തകരുടെയും മാനവികവാദികളുടെയും ഒരു പഠനകേന്ദ്രം കൂടിയാണ്. ബൃഹത്തായഗ്രന്ഥാലയവും സാംസ്കാരിക നിലയവും അവിടെ പ്രവർത്തിക്കുന്നു.
2021 ജനുവരി 21 ൽ നൂറാമത്തെ വയസിൽ അന്തരിച്ച റാവിപുഡി വെങ്കടാദ്രി യുടെ ജീവിതം ഭാവിതലമുറയ്ക്ക് ഒരു പാഠപുസ്തമാണ്. ബൗദ്ധികമണ്ഡലത്തിനു അദ്ദേഹം നൽകിയ സംഭാവന സത്യാന്വേഷികൾക്കെന്നും വിജ്ഞാനദായകവും ആവേശ ഭരിതവുമാണ്.


