Tue. Nov 24th, 2026

ജല്‍ന: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍കര്‍ മഹാരാഷ്ട്രയിലെ ജല്‍ന നഗരസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. വാര്‍ഡ് 13ല്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീകാന്ത് ബിജെപി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്. ഗൗരി ലങ്കേഷ് വധക്കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് ശ്രീകാന്ത് ജനവിധി തേടിയത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ 5നാണ് ബെംഗളൂരുവിലെ വീടിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട പങ്കാര്‍കറിന് 2024 സെപ്റ്റംബര്‍ 4-നാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.2018 ഓഗസ്റ്റില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത കേസിലും പങ്കാര്‍കര്‍ പ്രതിയായിരുന്നു. അന്ന് സ്ഫോടകവസ്തു നിയമം, യുഎപിഎ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. അമോല്‍ കാലെയുടെ നേതൃത്വത്തില്‍ മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് കൊലക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍.