Sun. Nov 15th, 2026

✍️ ലിബി. സി.എസ്

നാരായണ ഗുരു സ്ഥാപിച്ചതും ഇന്ന് പേരിൻറെ അറ്റത്ത് മാത്രം ശ്രീനാരയണ ധർമ്മം ഉള്ളതുമായ രണ്ട് സംഘടനകളിൽ ഒന്നിൻറെ സ്ഥാപക ദിനമാണ് ജനുവരി 9. ഇന്നേക്ക് 98 വർഷം മുൻപാണ് (09-01-1928 ന്) കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രത്തിന് സമീപമുള്ള പ്ലവിൻചുവട്ടിൽ നാരായണ ഗുരു ശ്രീനാരയണ ധർമ്മസംഘം ട്രസ്റ്റ് സ്ഥാപിച്ചത്.

ഗുരു സന്യാസത്തിന് പുതിയ നിർവചനം നൽകുകയായിരുന്നു. വൈദികമോ, ലൗകികമോ ആയ യാതൊരു കർമ്മവും സന്യാസിക്കില്ലെന്നാണ് പരമ്പരാഗത നിർവചനം. ഭഗവത് ഗീതയും ഭാരതീയ വേദാന്ത ശാസ്ത്രവും കർമ്മം ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ചട്ടമ്പി സ്വാമി ഉൾപ്പെടെ “ഇപ്പോൾ പ്രവർത്തിയാര് പണിയാണല്ലേ?” എന്ന് പരിഹസിച്ചതും ഗുരു “പ്രവൃത്തി മാത്രമേ ഉള്ളൂ ആര് ഇല്ല” എന്നു തിരിച്ചടിച്ചതും.

എന്നാൽ ത്യാഗിയായ പരോപകാരി എന്നായിരുന്നു ശ്രീനാരായണ ഗുരു സന്യാസത്തിന് നൽകിയ പുതിയ നിർവചനമെന്ന് കാണാം. ഗുരുവിൻറെ വിൽപത്രം നാവായിക്കുളം രെജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്തിട്ട് വന്നശേഷം ഗുരുവും അനന്തരഗാമിയായ ബോധാനന്ദനും തമ്മിൽ നടത്തിയ സംഭാഷണത്തിൽ ഇതെല്ലാം ഗുരുതന്നെ വ്യക്തമാക്കുന്നുണ്ട്.

ശിവഗിരി മഠത്തിന്റെ ആത്മീയ വശമൊക്കെ മാറ്റിവെച്ചാൽ അതിന് പിന്നിൽ വേറൊരു ലക്ഷ്യമായിരുന്നു പ്രധാനം എന്ന് രാമവർമ്മ തമ്പാൻ എഴുതിയിട്ടുണ്ട്. ഗുരു ധർമ്മസംഘം ട്രസ്റ്റ് രൂപീകരിക്കുന്നതിനെക്കുറിച്ച് അന്നത്തെ പ്രശസ്തരായിരുന്ന പലരുമായി ചർച്ച ചെയ്തിരുന്നു. അതിൽ ആത്മീയ വാദികൾ മാത്രമല്ല ഉണ്ടായിരുന്നത്. യുക്തിവാദിയായ രാമവർമ്മ തമ്പാനെ വിളിച്ചുവരുത്തി രണ്ടു ദിവസമാണ് ഗുരു ഇതേക്കുറിച്ച് ചർച്ച ചെയ്തത്. ഇത് യുക്തിവാദികളുടെ വാദമല്ല. ഗുരുവിന്റെ മിക്കവാറും എല്ലാ ജീവചരിത്രങ്ങളിലും രാമവർമ്മ തമ്പാനെക്കുറിച്ചുണ്ട്, അതുകൊണ്ടുതന്നെ എന്തായിരുന്നു ലക്‌ഷ്യം എന്ന് രാമവർമ്മ തമ്പാന്‌ വ്യക്തമായിട്ടുണ്ടാവുമല്ലോ? കേരളത്തിൽ യുക്തിവാദി സംഘടന രൂപംകൊണ്ട് 1 വർഷത്തിന് ശേഷമാണ് ഇത് നടക്കുന്നത്.

ഗുരുവിൻറെ പ്രൊഫ: എൻകെ സനുമാഷ് എഴുതിയ ജീവചരിത്രത്തിൽ ഇങ്ങനെയാണ് ഉള്ളത്.
“1927-ല്‍ ഗുരുവിന്‍റെ നിർദ്ദേശപ്രകരം ധർമ്മ സംഘം ട്രസ്‌റ്റിന്റെ നിയമങ്ങള്‍ ഉണ്ടാക്കി. ഗോവിന്ദന്‍ ജഡ്ജി, രാമന്‍ തമ്പി ജഡ്ജി, അയ്യാക്കുട്ടി ജഡ്ജി,മൂര്‍ക്കോത്ത് കുമാരന്‍ എന്നിങ്ങനെ പലര്‍ക്കും അതിന്റെ കോപ്പികള്‍ അയച്ചുകൊടുത്തു. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് യുക്തിവാദിയായ എം. രാമവര്‍മ്മ തമ്പാനെ വിളിച്ചു വരുത്തി ഗുരു ഇതേക്കുറിച്ച് ചില ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി. പിന്നീടാണ്, കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ വെച്ച്‌ മൂന്ന് ദിവസത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സന്യാസി സംഘമായ ധർമ്മ സംഘം ട്രസ്‌റ്റ് രൂപീകൃതമാകുന്നത്. അന്ന് അവിടെ ഹാജരായിരുന്ന സന്യാസിമാരെല്ലാം ഗുരുവിൻറെ സാന്നിധ്യത്തിൽ അതില്‍ ഒപ്പിട്ടു. അങ്ങനെ 1928 ജനുവരി 9 ആം തീയതി ഗുരുവിൻറെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. അന്ന് ആ പ്ലാവിന്‍ചുവട്ടില്‍ വച്ച് എല്ലാവരുംകൂടി ഒരു ഫോട്ടോ എടുക്കുകയും ചെയ്തു.” –
ഗുരുവിൻറെ സനുമാഷ് എഴുതിയ ജീവചരിത്രം.

രാമവർമ്മ തമ്പാൻ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് “ശ്രീനാരായണ ഗുരുവിൻറെ സ്വതന്ത്ര ചിന്തയും അദ്ധ്യാത്മികമാർഗവും ശക്തമായി പ്രചരിപ്പിക്കുക എന്നൊരു ലക്ഷ്യത്തോടൊപ്പം ഗുരു മതം ഉപേക്ഷിക്കുന്നതിന് മുൻപ് ഗുരുവിൽ വിശ്വസിച്ച് നാടും വീടും കുടുംബവും സർവവും ത്യജിച്ച് ഗുരുവിനൊപ്പെം കൂടിയ എല്ലാ ജാതിയിലും പെട്ട നിരവധി സന്യസ്ത ശിഷ്യന്മാർ ഉണ്ടായിരുന്നു. ഗുരുവിൻറെ കാലശേഷം എസ്എൻഡിപിക്കാർ അവരെ അംഗീകരിക്കില്ലെന്നും അവർ അനാഥരാക്കുമെന്നും പെരുവഴിയിലാകുമെന്നും ഗുരു വല്ലാതെ സങ്കടപ്പെട്ടിരുന്നു. അവർക്ക് ഗുരുവിന്റെ കാലശേഷവും ആരെയും ആശ്രയിക്കാതെ കയറിക്കിടക്കാൻ ഒരു ഇടമുണ്ടാകണം എന്നതായിരുന്നു അതിൻറെ ഏറ്റവും പ്രധാന ലക്‌ഷ്യം.”

ശ്രീനാരയണൻ തുറന്നിട്ട ആ സ്വതന്ത്ര മാർഗ്ഗത്തെയാണ് സഹോദരൻ സമാധി ഗാനത്തിലും
“മതമേതായാലും മനുജന്‍ നന്നായാല്‍
മതിയെന്നുള്ളൊരു സ്വതന്ത്ര വാക്യത്താല്‍
മതനിഷേധവും മതസ്ഥാപനവും
പരിചില്‍ സാധിച്ച പരമസദ്ഗുരോ…”എന്നും.
പിനീട് “ശ്രീനാരയണൻ തുറന്ന മാർഗ്ഗം ശ്രീനാരയണനെ വെച്ച് അടക്കരുത്…” എന്ന് ശിവഗിരി പ്രസംഗത്തിലുമൊക്കെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത്.

പിന്നീട് അതിനെ പൂർണ്ണമായും ഹിന്ദുത്വ വാദികളായ സന്യാസിമാരുടെ കൈകളിൽ ഏൽപ്പിച്ചത് ആന്റണിയുടെ കാലത്തെ പോലീസ് നടപടിയിലൂടെ ആയിരുന്നു. ബാബറി മസ്ജിദ് പൊളിച്ച കാലത്തെ നരസിംഹ റാവുവിൻറെ റോൾ തന്നെയാണ് വേറൊരുതരത്തിൽ ആന്റണിയും ശിവഗിരിയിൽ ചെയ്തതത്. എന്നാൽ പോലീസിനേക്കാൾ ക്രൂരമായി ഗുരുദർശനത്തെ പിന്നീട് ചവിട്ടി അരച്ചതും രാമവർമ്മ തമ്പാൻ പറഞ്ഞതുപോലെ ഗുരു കയറിക്കിടക്കാൻ ഇടമുണ്ടാക്കി കൊടുത്ത അവിടുത്തെ അന്തേവാസികളായ ആനന്ദന്മാരുടെ പിന്മുറക്കാർ ആയിരുന്നു എന്നതും വിസ്മരിക്കണ്ട.

‘നാമായി ഒരു മതത്തിലും പെടുന്നില്ലെന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും പറഞ്ഞ ഗുരു അങ്ങനെയുള്ളവരെ മാത്രമേ മേലിൽ തൻറെ ശിഷ്യ സംഘത്തിൽ ചേർക്കുകയുള്ളൂ’ എന്നും വ്യക്തമാക്കിയിരുന്നു.

എങ്കിലും ഒരു നൂറ്റാണ്ട് പോലും ആകുന്നതിന് മുൻപേ അതിന്ന് മത ജീവികളൊക്കെ മാത്രമുള്ള ഒരിടമായി മാറിക്കഴിഞ്ഞു.

1092 ചിങ്ങം 24 (1916 സെപ്റ്റംബർ 8ന്) ഗുരു തന്നെയാണ് കൂർക്കഞ്ചേരി ക്ഷേത്രത്തിൽ പ്രതിഷ്ഠ നിർവഹിച്ചത്. പിന്നീട് പലതവണ ബോധാനന്ദ സ്വാമികൾക്കൊപ്പം ഗുരു കൂർക്കഞ്ചേരിയിൽ വന്നിട്ടുണ്ട്. ക്ഷേത്ര ഭരണസമിതിയായ എസ്.എൻ.ബി.പി. യോഗത്തിൻറെ (ശ്രീനാരായണ ഭക്തപരിപാലന യോഗം) സ്ഥാപകനും ബോധാനന്ദ സ്വാമിയാണ്. കേരളത്തിൽ ഏറ്റവും കൂടുതല്‍ മിശ്രവിവാഹങ്ങള്‍ നടന്നു വന്നിരുന്നത് കൂർക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രത്തിലാണ്.

ഗുരു പങ്കെടുത്ത അന്നത്തെ ‘യുക്തവാദി സഭ’യുടെ ഒരു മീറ്റിങ്‌

1926- മെയ് 29-ന് മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്റെ വീട്ടില്‍വച്ചു കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം നടന്നുകഴിഞ്ഞു വിവിധ സ്ഥലങ്ങളിൽ യുക്തിവാദികൾ മീറ്റിങ്ങുകളും പ്രതിഷേധപരിപാടികളുമൊക്കെ സംഘടിപ്പിച്ചിരുന്നു. ഒരിക്കൽ ഗുരു കൂർക്കഞ്ചേരി ക്ഷേത്രത്തിൽ വിശ്രമിക്കുമ്പോൾ തൃശൂര് യുക്തിവാദികളുടെ ഒരു മീറ്റിങ് നടക്കുന്നതായും സഹോദരൻ അയ്യപ്പൻ അവിടെ പ്രസംഗിക്കുന്നുണ്ടെന്നും ആരോ പറഞ്ഞ് അറിഞ്ഞ ഗുരു ആ മീറ്റിങ്ങിൽ അയ്യപ്പൻറെ പ്രസംഗം കേൾക്കാനായി കേൾവിക്കാരനായി പോയി ഇരുന്നെന്നും, ശ്രദ്ധയിൽപെട്ട സംഘടകർ സദസിലേക്ക് ക്ഷണിച്ചിട്ട് ചെന്നില്ലെന്നും. ഇവിടിരുന്നോളാം എന്ന് പറഞ്ഞതായും സി. ആർ. കേശവൻ വൈദ്യരുടെ “സഹോദരൻ അയ്യപ്പനും ശ്രീനാരയണ ഗുരുവും” എന്ന പുസ്തകത്തിലും അദ്ദേഹത്തിൻറെ തന്നെ “സഹോദരൻ അയ്യപ്പൻ സ്മരണകളും പാഠനങ്ങളും” എന്ന പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

1916 മെയ് 29-ന് താൻ മതവും ജാതിയുമെല്ലാം ഉപേക്ഷിച്ചതിൻറെ പത്താം വാർഷിക ദിവസമാണ് സഹോദരനും മിതവാദിയും സിവിയുമെല്ലാം മുൻകൈ എടുത്ത് ഈ ‘യുക്തിവാദി സഭ’ ഉണ്ടാക്കിയതെന്ന് ഗുരുവിന് മനസിലാകുന്നത് അന്നാണ്. അതിന് ശേഷമാണ് ഗുരു യുക്തിവാദികളുടെ അന്നത്തെ പ്രസിഡന്റ് രാമവർമ്മ തമ്പാനെ മുൻപ് സൂചിപ്പിച്ച സുപ്രധാന ചർച്ചയ്ക്ക് ക്ഷണിക്കുന്നത്. പെരിയാർ പറഞ്ഞതുപോലെ പൂണ് നൂലും ഇട്ടാണ് നടന്നിരുന്നതെങ്കിലും ആള് മഹാപണ്ഡിതനും ആയിരുന്നു.

എന്തായാലും നിങ്ങൾക്ക് ആർക്കെങ്കിലും മതം കൂടിയേ കഴിയൂ എങ്കിൽ ഒരിക്കലും ഡിങ്കമതം സ്വീകരിക്കരുത്. ശ്രീനാരയണ ഗുരു ദൈവ ദശകത്തിൽ പറയുന്ന ഏക ദൈവം ‘മായാവി’യാണ്.
ഈശോവാസ്യ ഉപനിഷത്തൊക്കെ വ്യാഖ്യാനിച്ച്‌ ചില ഡിങ്കോയിറ്റു പണ്ഡിതന്മാർ ഗുരു ഡിങ്കോയിസ്റ്റ് ആണെന്നു ദുർവ്യാഖ്യാനം ചെയ്യുന്ന പ്രസംഗങ്ങളൊക്കെ യുട്യൂബിൽ കിടപ്പുണ്ട്. അത് വിവർത്തനം മാത്രമാണ്. എന്നാൽ ദൈവ ദശകത്തിൽ ഗുരു കുത്യമായി പറഞ്ഞിട്ടുണ്ട് “നീയല്ലോ മായയും ‘മായാവി’യും മായാവിനോദനും നീയല്ലോ മായയെ നീക്കി സായൂജ്യം നൽകുമാര്യനും ….” എന്ന ഗുരുവിന്റെ ശ്ലോകം വായിച്ച് നോക്കൂ. മായാവിയെ കോപ്പിയടിച്ച് ചുളുവിൽ ദൈവമായ വെറും ചുണ്ടെലിയാണ് വ്യാജ ദൈവമായ ഡിങ്കൻ.

ഞങ്ങളുടെ വിശുദ്ധ ബാലരമ ‘മായാവി, രാജു, രാധ’ എന്ന ത്രിത്വത്തില്‍ അധിഷ്ടിതമാണെങ്കിലും, ഈ വിശുദ്ധ ത്രയങ്ങളില്‍ മായാവി എന്ന ദൈവം ഏകനാണ് എന്ന വസ്തുത ഡിങ്കോയിസ്റ്റുകൾ മറച്ചുവയ്ക്കുന്നു.

ഞങ്ങളുടെ മായാവി, മനുഷ്യരുടെ മഹാപാതകങ്ങള്‍ (രാജു ക്ലാസ് കട്ട് ചെയ്തു രാധയുമായി കാട്ടില്‍ കറങ്ങി നടന്നു എന്നതുള്‍പ്പെടെയുള്ള കൊടിയ പാപങ്ങള്‍) സ്വയം ഏറ്റുവാങ്ങിക്കൊണ്ട്, അവര്‍ക്ക് വേണ്ടി കുട്ടൂസന്റെ കുപ്പിയിലേറുകയും, മൂന്നാം നാള്‍ കുപ്പിയില്‍ നിന്ന് ഉയര്ത്തെഴുന്നെല്‍ക്കുകയും ചെയ്തു. അതാണ്‌ സ്നേഹമതം.

അതുകൊണ്ട് യഥാർത്ഥ ത്രയേക ദൈവമായ മായാവിയിൽ ആശ്രയിക്കുക. നീയും നിൻറെ കുടുംബവും രക്ഷ പ്രാപിക്കും.