Sat. Nov 21st, 2026

സംഗീത ചക്രവർത്തി ഇളയരാജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വേടൻ. തമിഴിൽ ഇസൈ അരയ്സൻ എന്ന് അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇളയരാജയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരം വന്നിട്ടുണ്ടെന്ന് വേടൻ വെളിപ്പെടുത്തിയിരുന്നു. ഭാഗ്യമുണ്ടെങ്കിൽ അത് നടക്കുമെന്നായിരുന്നു വേടൻ പറഞ്ഞത്.

എവിടെ വച്ചാണ് ഇരുവരും കണ്ടതെന്ന വിവരം ലഭ്യമല്ലെങ്കിലും അന്ന് പറഞ്ഞ ആ സ്വപ്നം യാഥാർത്ഥ്യമായെന്ന സൂചനയാണ് ലഭിക്കുന്നത്. എന്തൊക്കെയായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ഭാഗമായാണോ ഈ കൂടിക്കാഴ്ച എന്നാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.

കേരളത്തിലെ യുവാക്കൾക്കിടയിൽ തരംഗമായ റാപ്പർ വേടൻ, തന്റെ വേറിട്ട ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് വേണ്ടി രചിച്ച വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും വേടൻ സ്വന്തമാക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. ബലാത്സംഗ കേസിൽ അറസ്റ്റിലായ വേടൻ ജാമ്യത്തിലിരിക്കെയായിരുന്നു അവാർഡ് പ്രഖ്യാപനം.