Sat. Nov 21st, 2026

പത്തനംതിട്ട: സീനിയർ സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പൂർണ്ണമായി പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ പുറപ്പെടുവിച്ചിരുന്ന താൽക്കാലിക പിരിച്ചുവിടൽ ഉത്തരവ് സ്ഥിരപ്പെടുത്തിയാണ് നടപടി. ചട്ടലംഘനങ്ങളാണ് പിരിച്ചുവിടലിന് കാരണം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ആറന്മുള പൊലീസ് സ്റ്റേഷനിൽ സീനിയർ സിപിഒയായി സേവനമനുഷ്ഠിച്ചിരുന്ന ഉമേഷിനെതിരെ, സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് സേനയ്ക്ക് കളങ്കം വരുത്തിയെന്നാരോപിച്ച് മുൻപ് പലതവണ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും ഉത്തരവിൽ പറയുന്നു. ഇതിന്റെ തുടർച്ചയായാണ് ആദ്യം പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. എന്നാൽ അത് താൽക്കാലിക നടപടിയായിരുന്നുവെന്നും, നോട്ടീസിന് ഉമേഷ് നൽകിയ മറുപടി തൃപ്തികരമല്ല എന്ന വിലയിരുത്തലിലാണ് അന്തിമ നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

നോട്ടീസ് നൽകിയതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഉമേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും ഗുരുതര ചട്ടലംഘനമായി കണക്കാക്കിയതായി ഉത്തരവിൽ പറയുന്നു. ഈ കാരണങ്ങളും ഉൾപ്പെടുത്തിയാണ് പിരിച്ചുവിടൽ നടപടി സ്ഥിരമാക്കി ഉത്തരവിറക്കിയത്.

അതേസമയം, പിരിച്ചുവിടൽ ഉത്തരവിനെതിരെ 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ ഉമേഷിന് അവകാശമുണ്ടെന്നും, മേലധികാരികളെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.