രണ്വീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ധുരന്ദർ’ ബോക്സ് ഓഫീസിൽ 500 കോടിയിലധികം നേടി വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായിക കാസ്റ്റിംഗുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര രംഗത്ത് എത്തിയിക്കുന്നു. രൺവീർ സിംഗിന് നായികയായി സാറാ അർജുൻ എത്തിയതിനെതിരെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് 20-21 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വേണ്ടിയിരുന്നതിനാലാണ് ഈ കാസ്റ്റിംഗ് തിരഞ്ഞെടുത്തതെന്ന് ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിൽ മുകേഷ് ഛബ്ര വ്യക്തമാക്കി. “26-27 വയസ്സ് പ്രായമുള്ള മികച്ച അഭിനേതാക്കളില്ലാത്തതുകൊണ്ടല്ല. ഈ പ്രായവ്യത്യാസം സിനിമയിൽ ആവശ്യമായിരുന്നു. എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഈ കാസ്റ്റിംഗിന്റെ കാരണം വിമർശകർക്ക് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ധുരന്ദറി’ന്റെ രണ്ടാം ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.

തുടക്കത്തിൽ തണുപ്പൻ സ്വീകരണം ലഭിച്ച സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാൻ കാരണം നടൻ അക്ഷയ് ഖന്നയുടെ പ്രകടനങ്ങളാണ്. ചിത്രത്തിലെ ഒരു സീനിൽ ഒരു പാട്ടിനൊപ്പം അക്ഷയ് ഖന്ന ഡാൻസ് കളിച്ച് വരുന്ന ഭാഗം നിമിഷനേരം കൊണ്ടാണ് റീലുകളിലും സോഷ്യൽ മീഡിയയിലും തരംഗമായത്. പക്കാ വൈബിൽ സ്റ്റൈലിഷ് മൂഡിലുള്ള നടന്റെ ഈ ഡാൻസ് സീനിന് തിയേറ്ററുകളിൽ വലിയ കയ്യടികളാണ് ലഭിച്ചത്. അക്ഷയ്യുടെ കിടിലൻ പ്രകടനത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ ചിത്രം എങ്ങും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം ആരംഭിച്ചു. ഇതോടെ സിനിമയുടെ കളക്ഷൻ വർധിക്കുകയും നിലവിൽ 500 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു.
‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആദിത്യ ധർ. രൺവീർ സിംഗിന്റെയും മറ്റ് അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്ന ഈ സിനിമയിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. യാലിന ജമാലി എന്ന കഥാപാത്രത്തെ കെണിയിൽപ്പെടുത്താൻ രൺവീറിന്റെ കഥാപാത്രം ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ആഗോളതലത്തിൽ 500 കോടിക്കും മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്.


