പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം ‘റേച്ചലിന്റെ’ റിലീസ് മാറ്റിവെച്ചു. നിലവിലെ സമയവും ആഗോളതലത്തിലുള്ള റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മാറ്റമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പുതിയ റിലീസ് തീയതി ഉടൻ പുറത്തുവിടും. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതുമുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയ ‘റേച്ചൽ’, ഹണി റോസിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ എബ്രിഡ് ഷൈൻ സഹരചയിതാവാകുന്ന ഈ ചിത്രം, നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന്. ഇതിൽ ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്.

ചിത്രത്തിൻ്റെ ട്രെയിലറിൽ കണ്ട തീവ്രമായ ആക്ഷൻ രംഗങ്ങളും, ഹണി റോസിൻ്റെ ഇതുവരെ കാണാത്ത ബോൾഡ് മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബ ബന്ധങ്ങളെയും പ്രതികാരത്തെയും കേന്ദ്രീകരിച്ചുള്ള ശക്തമായ ഒരു കഥയാണ് ‘റേച്ചൽ’ എന്ന സൂചനയാണ് ലഭിക്കുന്നത്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള ആദ്യ പോസ്റ്ററുകളും ടീസറുകളും വലിയ സ്വീകാര്യത നേടിയിരുന്നു. കൂടാതെ, ചിത്രത്തിലെ ആദ്യ ഗാനമായ ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. വയലൻസും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ ഒരു വ്യത്യസ്തമായ സിനിമാനുഭവമായിരിക്കും ‘റേച്ചൽ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഒരു റിവഞ്ച് ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ‘റേച്ചലിൽ’, ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷൻ ബഷീർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തത്തിൽ, ജോജി കെ. ജോൺ, ദിനേശ് പ്രഭാകർ, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ ചിത്രത്തിൻ്റെ സാങ്കേതിക മേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടൈൻമെൻ്റാണ് വിതരണം നിർവ്വഹിക്കുന്നത്.

