നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, അതിജീവിതയ്ക്ക് ശക്തമായ പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തി. മുൻപ് ഒരു വേദിയിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താൻ ഉയർത്തിയ ‘അവൾക്കൊപ്പം’ എന്ന് എഴുതിയ ബാനറിൻ്റെ ചിത്രമാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ചിത്രത്തിനൊപ്പം, “എപ്പോഴും, മുൻപത്തേതിലും ശക്തമായി, ഇപ്പോൾ” എന്നും റിമ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടർന്ന് രൂപീകരിച്ച സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയിലെ സജീവ സാന്നിധ്യമാണ് റിമ കല്ലിങ്കൽ. കോടതി വിധി നിരാശപ്പെടുത്തിയെങ്കിലും നിയമപോരാട്ടം തുടരുമെന്ന ശക്തമായ സൂചന നൽകുന്നതാണ് റിമയുടെ ഈ പ്രതികരണം.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് നീണ്ട ആറ് വർഷത്തെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളായ പൾസർ സുനിയടക്കമുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തി. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞതായും ഐ.ടി. നിയമപ്രകാരവും പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി പ്രഖ്യാപിച്ചു.
എന്നാൽ, ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ച ഏഴാം പ്രതി ചാർളി തോമസ്, പത്താം പ്രതി ശരത്ത് എന്നിവരെയും കോടതി വെറുതെ വിട്ടു. നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറ് വരെ പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഇവരെ റിമാൻഡ് ചെയ്യുകയും ജയിലിലേക്ക് മാറ്റുകയും ചെയ്യും.


