Fri. Nov 20th, 2026

മലയാള സിനിമയിൽ പകയുടെ പശ്ചാത്തലത്തിൽ ഒട്ടനവധി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും, അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന പകയുടെയും വിശ്വാസവഞ്ചനയുടെയും കഥയാണ് ‘പൊങ്കാല’ എന്ന ചിത്രം അവതരിപ്പിക്കുന്നത്. പ്രതികാരത്തിൽ കൊത്തിയെടുത്ത ഒരു വിചിത്ര കഥ എന്ന് ഈ സിനിമയെ ചുരുക്കി പറയാം. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങൾ അതിൻ്റെ പശ്ചാത്തല സംഗീതവും ആക്ഷൻ രംഗങ്ങളുമാണെന്നതിൽ സംശയമില്ല.

കൊച്ചിയിലെ വൈപ്പിനിൽ 2000-ൽ നടക്കുന്ന കഥയാണിത്. അബി എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും, അവൻ അനുഭവിച്ച വേദനയും, പ്രണയവും, ചോര പുരണ്ട പ്രതികാരത്തിൻ്റെ അധ്യായങ്ങളുമാണ് ചിത്രം പറയുന്നത്. വൈപ്പിൻ ഹാർബറിലെ സർവ്വാധികാരിയായ തരകൻ സാബുവിൻ്റെ അനുജന്മാരായാണ് അബി ഉൾപ്പെടെയുള്ളവർ കഴിഞ്ഞിരുന്നത്. എന്നാൽ എന്തിനും ചങ്കു പറിച്ചു നൽകിയിരുന്ന ഇവർ പിന്നീട് രണ്ടു ചേരികളായി മാറുന്നു. ഇവർക്കിടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം.

ചിത്രത്തിൽ അബി എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും, തരകൻ സാബുവായി ബാബുരാജുമാണ് എത്തുന്നത്. ചെറിയ വേഷങ്ങൾ ചെയ്തവർ മുതൽ പ്രധാന റോളിൽ എത്തിയവർ വരെ തങ്ങളുടെ ഭാഗങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു. തരകൻ സാബു എന്ന കഥാപാത്രമായി ബാബുരാജ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. യാമി സോനാ, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്ണ, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ റോളുകൾ മനോഹരമായി അവതരിപ്പിച്ചു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. ചിത്രത്തെ മുന്നോട്ട് നയിച്ച പ്രധാന ഘടകം അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതമാണെന്നതിൽ തർക്കമില്ല.