പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന നിർണായക വിവരങ്ങളാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. വാസു സ്വർണം ചെമ്പാക്കി മാറ്റിയത് മറ്റ് ബോർഡംഗങ്ങളുടെ അറിവോടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കവർച്ചയ്ക്ക് വാസു ഒത്താശ ചെയ്തുവെന്നും, ദേവസ്വം ഉദ്യോഗസ്ഥരുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മൊഴികളിൽ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിമാൻഡ് റിപ്പോർട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനും കുരുക്കാവുകയാണ്. സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം സാവകാശം തേടിയതായാണ് വിവരം.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ അഴിമതി നിരോധന വകുപ്പുകൾ കൂടി ചുമത്തിയതോടെ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷ പരിഗണിക്കുന്നത് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റി വെച്ചിരിക്കുകയാണ്.

