മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ‘ചത്ത പച്ച – റിങ് ഓഫ് റൗഡീസ്’ൻ്റെ ടീസർ പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള WWE റെസ്ലിങ്ങിൽ നിന്നും അതിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നവാഗതനായ അദ്വൈത് നായർ ഈ ചിത്രം ഒരുക്കുന്നത്. ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. അർജുൻ അശോകൻ നായകനായെത്തുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകുന്ന സൂചന.

ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബ്ബ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. 2026 ജനുവരിയിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.
ഒരു പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ‘ചത്ത പച്ച’യുടെ നോർത്ത് ഇന്ത്യൻ വിതരണാവകാശം ബോളിവുഡിലെ വമ്പൻ ബാനറായ ധർമ്മ പ്രൊഡക്ഷൻസ് സ്വന്തമാക്കി. ധർമ്മ പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്സും തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിൽ പിവിആർ ഇനോക്സ് പിക്ചേഴ്സുമാണ് ചിത്രം എത്തിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ 115-ൽ അധികം രാജ്യങ്ങളിലാണ് ചിത്രം ആഗോള റിലീസിനെത്തുക. പ്രശസ്ത ബോളിവുഡ് മ്യൂസിക് ടീം ആയ ശങ്കർ–ഇഹ്സാൻ–ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

