ന്യൂഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കും. കരട് വോട്ടർ പട്ടിക ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബർ നാല് മുതൽ ഡിസംബർ നാല് വരെ വിവരശേഖരണം നടത്തും. 2026 ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ വോട്ടർ പട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടിക ശുദ്ധീകരണത്തിനായുള്ള പ്രത്യേക തീവ്ര പുനഃപരിശോധന (SIR) വിജയകരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.
കുടിയേറ്റം, ഇരട്ടിപ്പ്, മരണപ്പെട്ടവരെ ഒഴിവാക്കാതിരിക്കൽ, വിദേശികളെ ഉൾപ്പെടുത്തൽ തുടങ്ങിയ കാരണങ്ങളാൽ വോട്ടർ പട്ടികയുടെ കൃത്യതയെ ബാധിച്ചിട്ടുണ്ട്. അർഹരായ എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും അപാകതകൾ പരിഹരിച്ച് പട്ടിക ശുദ്ധീകരിക്കുകയുമാണ് എസ്ഐആർ വഴി ലക്ഷ്യമിടുന്നത്. 21 വർഷം മുൻപാണ് വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടത്തിയത്. 2004 വരെ എട്ട് തവണ പട്ടിക പരിഷ്കരിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു.


