മലയാള സിനിമയിൽ റീ റിലീസ് തരംഗം ശക്തമാവുകയാണ്. സൂപ്പർതാരം മോഹൻലാലിന്റെ ചിത്രങ്ങളാണ് റീ റിലീസിൽ ഏറ്റവും കൂടുതൽ വിജയം നേടുന്നത്. ‘സ്ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’, ‘ഛോട്ടാ മുംബൈ’ തുടങ്ങിയ സിനിമകൾ നേരത്തെ വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഇതിന് പിന്നാലെ 2001-ൽ റിലീസ് ചെയ്ത് പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ‘രാവണപ്രഭു’ എന്ന ചിത്രവും വീണ്ടും പ്രദർശനത്തിനെത്തി.

ഒക്ടോബർ 10-ന് പുതിയ സാങ്കേതികമികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. റിലീസ് സമയത്ത് തിയറ്റർ അനുഭവം നഷ്ടപ്പെട്ടവരുൾപ്പെടെ മോഹൻലാൽ ആരാധകർ പതിവുപോലെ സിനിമ ആഘോഷമാക്കി. ചിത്രത്തിന്റെ റീ റിലീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരുമ്പോൾ ബോക്സ് ഓഫീസിൽ ‘രാവണപ്രഭു’ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ 4.70 കോടി രൂപ ആഗോള കളക്ഷനായി നേടി. വരും ദിവസങ്ങളിലും മികച്ച കളക്ഷൻ സിനിമയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. റീ റിലീസ് കളക്ഷനിൽ ‘മണിച്ചിത്രത്താഴിനെ’ (4.6 കോടി രൂപ) ‘രാവണപ്രഭു’ ഇതോടെ പിന്നിലാക്കി. റീ റിലീസ് ഓപ്പണിംഗ് കളക്ഷനിൽ 67-70 ലക്ഷം വരെ നേടി ചിത്രം രണ്ടാം സ്ഥാനത്താണ്. ആകെ കളക്ഷന്റെ കാര്യത്തിൽ ‘രാവണപ്രഭു’വിന് മുന്നിൽ ഇനി രണ്ട് ചിത്രങ്ങൾ മാത്രമാണുള്ളത്. ‘ദേവദൂതൻ’ (5.4 കോടി രൂപ), ‘സ്ഫടികം’ (4.95 കോടി രൂപ) എന്നിവയാണവ.

