മഡ്ഡോക് ഫിലിംസിന്റെ സൂപ്പർനാച്വറൽ യൂണിവേഴ്സിലെ പുതിയ ചിത്രമായ ‘തമ്മ’ റിലീസിനൊരുങ്ങുകയാണ്. ആദിത്യ സർപോദർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ 21-ന് തിയേറ്ററുകളിൽ എത്തും. രശ്മിക മന്ദാന, ആയുഷ്മാൻ ഖുറാന, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

‘തമ്മ’ തൻ്റെ അഭിനയ ജീവിതത്തിലെ ആക്ഷൻ രംഗങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് നായികയായ രശ്മിക മന്ദാന വെളിപ്പെടുത്തി. “ഇതിനുമുമ്പ് ഞാൻ പെർഫോമൻസ് മാത്രമേ ചെയ്തിരുന്നുള്ളൂ. ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ‘മൈസ’ ചെയ്യുമ്പോഴും, ‘തമ്മ’ തന്നെയാണ് എനിക്ക് ആക്ഷനിലേക്കുള്ള വാതിൽ ആദ്യമായി തുറന്നുതന്നത്. അതുകൊണ്ട് എനിക്ക് ആ വ്യത്യാസം മനസ്സിലാകും,” രശ്മിക ഒരു ബോളിവുഡ് മാധ്യമത്തോട് പ്രതികരിച്ചു.
ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് തനിക്ക് റെഫറൻസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും, ഇത് പുതിയൊരനുഭവമായിരുന്നുവെന്നും രശ്മിക പറഞ്ഞു. ‘എന്താണ് ചെയ്യേണ്ടതെന്നോ ഏതാണ് ശരിയെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ സെറ്റിലെത്തുന്നു, എൻ്റെ സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അവർ എന്നെ നന്നായി പിന്തുണയ്ക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്തു,’ രശ്മിക കൂട്ടിച്ചേർത്തു.

