ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് ‘കാട്ടാളൻ’. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നുണ്ട്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്.
അതേസമയം സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്ലൻഡിൽ തുടക്കം കുറിച്ചിരുന്നു. സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റിരുന്നു. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ഇപ്പോൾ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളൻ’ മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.


