അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻഷൗക്കത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ചാത്ത പച്ച- റിംഗ് ഓഫ് റൗഡീസ്’. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്ലിങ്ങ് കോച്ച് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ – ഇഹ്സാൻ – ലോയ് ടീം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്.

