Sat. Nov 21st, 2026

നവാഗതനായ വീര സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാകുന്ന ചിത്രം ‘ഹാൽ’ സെൻസർ ബോർഡിന്റെ നടപടികളിൽ പ്രതിസന്ധിയിൽ. സിനിമയിലെ ചില സുപ്രധാന രംഗങ്ങൾ നീക്കം ചെയ്യണമെന്ന സെൻസർ ബോർഡിന്റെ നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതികരണവുമായി സംവിധായകൻ വീര രംഗത്തെത്തി.

“സിനിമ നൽകുന്ന മെസേജിനെ സെൻസർ ബോർഡ് ഭയപ്പെടുന്നു. ഇത് പുതിയ തലമുറ സിനിമ കാണാതിരിക്കാനുള്ള ഒരു നീക്കമാണ്. അതുകൊണ്ട്, ഹൈക്കോടതി ഈ സിനിമ കണ്ടിട്ട് നല്ലതാണെന്ന് തോന്നിയാൽ മാത്രം പുറത്തിറക്കിയാൽ മതി. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവർ വന്ന് ‘അത് കട്ട് ചെയ്യൂ, ഇത് കട്ട് ചെയ്യൂ,’ എന്ന് പറഞ്ഞാൽ അതിൽ എവിടെയാണ് ആവിഷ്കാര സ്വാതന്ത്ര്യം?”, വീര ചോദിക്കുന്നു.

ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചതും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജ പ്രണാമം തുടങ്ങിയവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതും നേരത്തെ വാർത്തയായിരുന്നു. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

ഷെയിൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമയുടെ റിലീസ് പ്രതിസന്ധിയിലാക്കി, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കർശന നിലപാട് സ്വീകരിച്ചു. ചിത്രത്തിലെ 15-ഓളം രംഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം എന്നാണ് സി.ബി.എഫ്.സി.യുടെ പ്രധാന നിർദേശം.

മാറ്റങ്ങൾ ആവശ്യപ്പെട്ട പ്രധാന രംഗങ്ങൾ ഇവയാണ്: ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട് എന്ന പരാമർശം, രാഖി പരാമർശം എന്നിവ. ഈ മാറ്റങ്ങൾ വരുത്തിയാൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡിന്റെ നിലപാട്.