സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ നടൻ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയ വഴി പുറത്തിറക്കി. അഞ്ജന ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ട്രെയ്ലറിലെ പ്രധാന ആകർഷണം റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ്.

ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 7-നാണ് പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിലേത് എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
റിമ കല്ലിങ്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.


