Tue. Nov 24th, 2026

സമീപകാലത്ത് റീ-റിലീസിനെത്തിയ മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകൾ രണ്ടാം വരവിലും തിയേറ്ററുകളിൽ ആഘോഷമായി മാറി. ഇതിൽ ഛോട്ടാ മുംബൈ വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ഈ വിജയത്തിന് പിന്നാലെ, മോഹൻലാലിൻ്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘രാവണപ്രഭു’ റീ-റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ആകാംഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

വമ്പൻ റിലീസ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ‘ഛോട്ടാ മുംബൈ’ ഉൾപ്പെടെയുള്ള മുൻ മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിച്ചതുപോലെ റീ-റിലീസിൽ ‘രാവണപ്രഭു’വും തരംഗമാകും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. മാറ്റിനി നൗ ആണ് സിനിമ റീ മാസ്റ്റർ ചെയ്യുന്നത്. 2001ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹൻലാലിൻ്റെ എവർഗ്രീൻ ക്ലാസ്സിക് ചിത്രമായ ‘ദേവാസുരത്തിൻ്റെ’ രണ്ടാം ഭാഗമായിരുന്നു ഈ സിനിമ.

മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട കഥാപാത്രങ്ങളായാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.