”ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ഓണം റിലീസായി തീയറ്ററുകളിൽ എത്താൻ പോകുകയാണ്. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോയെ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്.
ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

