തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ ജാതി അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയ സംവിധയകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു.
അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും പുഷ്പവതിയെ തനിക്കറിയില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് അവർ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഫിലിം കോൺക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂർ ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.

ഇതിനായി ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശവും ജാതി അധിക്ഷേപ പരാമര്‍ശവും നടന്നത്. അവിടെ കൂടിയവരിൽ ഗായിക പുഷ്പവതി മാത്രമാണ് പ്രതികരിച്ചത്.

