ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസിന്റെ മൃതദേഹം പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു. ഇവിടെയും ജനങ്ങളുടെ നീണ്ട നിരയാണ് വി എസിനായി കാത്തുനില്‍ക്കുന്നത്. പാര്‍ടി കേന്ദ്ര നേതാക്കളും വിവിധ രാഷ്ട്രീയ സംഘടന നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഓഫീസിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കെ ബാലകൃഷ്ണന്‍, യു വാസുകി, വിജൂ കൃഷ്ണന്‍, എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, സി എസ് സുജാത, ഡോ. തോമസ് ഐസക്, പുത്തലത്ത് ദിനേശന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍ എംപി, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കൺവീനര്‍ ടി പി രാമകൃഷ്ണന്‍, മന്ത്രിമാരായ വി എന്‍ വാസവന്‍, കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, റസിഡന്റ് എഡിറ്റര്‍ എം സ്വരാജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍, അഖിലേന്ത്യ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാര്‍, വിവിധ സംഘടനാ നേതാക്കള്‍, മത സാമൂഹ്യ നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഓഫീസിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ജില്ല കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് മാറ്റും. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന്റെ സമയം കുറച്ചിട്ടുണ്ട്. രാവിലെ ഏഴോടെയാണ് വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് വിലാപയാത്ര പ്രവേശിച്ചത്. ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരത്തുനിന്ന് വിലാപ യാത്ര ആരംഭിച്ചെങ്കിലും രാത്രി വൈകി ഒന്നോടെയാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കാനായത്. നിശ്ചയിച്ചിരുന്നതിലും ഏറെ അധികം ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി വാഹനം നിർത്തി. കനത്ത മഴയെ അവഗണിച്ച് പാതിരാവിലും കുട്ടികളും വയോധികരും അടക്കമുള്ള ജനാവലി വി എസിനായി വഴിയരികിൽ കാത്തുനിന്നിരുന്നു. വി എസ് ഏൽപ്പിച്ച ചെങ്കൊടിയുയർത്തി മുദ്രാവാക്യങ്ങളുമായി ജനങ്ങളുടെ നീണ്ട നിരയാണ് കൊല്ലത്തും ആലപ്പുഴയിലും വി എസിനായി കാത്തുനിന്നത്. വി എസിനെ കാണാനായി ഏറെ ദൂരെ നിന്ന് വന്നവരുമുണ്ടായിരുന്നു.
ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും തിരുവമ്പാടി ജങ്ഷൻ, ജനറൽ ആശുപത്രി ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ, ആലപ്പുഴ ബീച്ച് വഴി റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തും. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിനു ശേഷം തിരുവമ്പാടി ജങ്ഷൻവഴി മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന വലിയ ചുടുകാട്ടിൽ എത്തിക്കും. ഇവിടങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


