Wed. Sep 2nd, 2026

തിരുവനന്തപുരം: സസ്പെന്‍ഷന്‍ തുടരും എന്ന് കാട്ടി താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസ് ഇറക്കിയ ഉത്തരവില്‍ മറുപടിയുമായി രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍. ഹൈക്കോടതി ഉത്തരവുപ്രകാരം ചുമതലയില്‍ തുടരുമെന്ന് രജിസ്ട്രാര്‍ വിസിക്ക് മറുപടി നല്‍കി. നിയമന അധികാരികളെ ബന്ധപ്പെടാം എന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. തന്റെ നിയമന അധികാരി സിന്‍ഡിക്കേറ്റാണെന്നും രജിസ്ട്രാര്‍ മറുപടി നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനം നിലനില്‍ക്കും വരെ ചുമതലയില്‍ തുടരുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. ഇന്ന് ഒരു ദിവസത്തേക്കാണ് അവധിക്ക് അപേക്ഷ നല്‍കിയത്. നാളെ സര്‍വകലാശാലയിലെത്തി ജോലി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ തുടരുമെന്ന് കാണിച്ച് വിസി ഉത്തരവ് പുറത്തിറക്കിയിരുന്നു. രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്നും വിസി നിര്‍ദേശിച്ചിരുന്നു. ജൂലൈ ആറിന് വിസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും വിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശത്തെ പൂര്‍ണമായും തള്ളുകയാണ് കെ എസ് അനില്‍ കുമാര്‍.