മലയാളത്തിലെ പുതുമുഖ നടിമാരില്‍ ഒരാളാണ് നടി അനിഷ്മ അനില്‍കുമാര്‍. ഇപ്പോള്‍ തന്റെ തമിഴ് ഇന്റഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചും നടന്‍ ബേസിലിനൊപ്പം മരണമാസില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും തുറന്ന് പറയുകയാണ് നടി.
‘ബേസിലേട്ടന്റെ സിനിമകളുടെയും അഭിനയത്തിന്റെയും വലിയ ആരാധികയാണ് ഞാൻ. അതുകൊണ്ട് തന്നെ മരണമാസില്‍ ബേസിലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ശരിക്കും ഫാന്‍ ഗേള്‍ മൊമന്റായിരുന്നു. ബേസിലേട്ടന്‍ സന്ദര്‍ഭത്തിന് അനുസരിച്ച് നൈസര്‍ഗികമായി തമാശ പറയുന്ന ഒരാളാണ്. മരണമാസില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചത് എന്റെ കോ ആക്ടര്‍ ബേസിലേട്ടന്‍ ആയതുകൊണ്ടാണ്. ചേട്ടന്‍ എപ്പോഴും ഷോട്ട് നന്നാക്കുന്നതിനായി ഓരോ നിര്‍ദേശങ്ങള്‍ തരുമായിരുന്നു. അഭിനയിക്കുമ്പോള്‍ ചേട്ടന്‍ തരുന്ന പിന്തുണ നമുക്ക് വല്ലാത്തൊരു ആത്മധൈര്യമാണ്. ചേട്ടന്‍ സെറ്റിലെത്തിയാല്‍ അപ്പോള്‍ സെറ്റ് മുഴവന്‍ ഒരു പോസിറ്റീവ് വൈബാണ്’, അനിഷ്മ പറഞ്ഞു.
താരത്തിന്റെ തമിഴ് ഇന്‍ഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും അനിഷ്‌ക മനസ് തുറന്നു. ‘പുതിയ ഒരു ഇന്‍ഡസ്ട്രിയിലേക്ക് മാറുന്നതിന്റെ ചെറിയ പേടിയുണ്ടായിരുന്നു. ആദ്യ ദിനം തന്നെ എനിക്ക് വിക്രം പ്രഭുവുമായി ആയിരുന്നു സീന്‍ ഉണ്ടായിരുന്നത്. സീനിന് മുമ്പായി ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം എന്നെ വളരെ നന്നായി സഹായിച്ചു. എന്റെ സിനിമകളെ കുറിച്ച് ചോദിക്കുകയും മലയാള സിനിമയെ കുറിച്ച് ഒരുപാട് സംസാരിക്കുകയും ചെയ്തു’, അനിഷ്മ പറഞ്ഞു.


