✍️ സുരേഷ്. സി.ആർ
മാനവചരിത്രത്തിലെ മഹാനേട്ടങ്ങളിലൊന്നായ ‘രക്ത ഗ്രൂപ്പുകൾ’ കണ്ടു പിടിച്ച ഓസ്ട്രിയൻ ശാസ്ത്രജ്ഞനാണ് കാൾ ലാൻഡ്സ്റ്റൈനർ (1868 – 1943). 1901 ലാണ് ആന്റിജന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ലാൻഡ്സ്റ്റൈനർ രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചത്.
1940 ൽ രക്തത്തിലെ റീസസ് ഘടകം (Rh Factor) അദ്ദേഹം കണ്ടുപിടിച്ചു. റീസസ് കുരങ്ങുകളുടെ രക്തത്തിൽ ഈ ഘടകം കണ്ടെത്തിയതുകൊണ്ടാന്ന് റീസസ് ഘടകം എന്നു പേരു വന്നത്. രക്ത ഗ്രൂപ്പുകളുടെ കണ്ടുപിടുത്തം ശസ്ത്രക്രിയയെ നവീകരിച്ചു. പ്രാചീനവും ആപത്കരവുമായ രക്തസ്രാവചികിത്സയ്ക്ക് അറുതിവരുത്തുകയും രക്തദാനത്തിനും രക്ത ബാങ്കുകളുടെ ആവിർഭാവത്തിനും സഹായകരമായി.

റീസസ് ഘടകം കണ്ടെത്തിയതോടെ, അമ്മയുടെ ശരീരത്തിൽ ആ ഘടകത്തിന്റെ അഭാവം ഗർഭസ്ഥ ശിശുക്കളെ പ്രതികൂലമായി ബാധിക്കുന്നതു തടയാനുള്ള സംവിധാനങ്ങളുണ്ടായി. 1898-ൽ വിയന്ന സർവകലാശാലയിൽ പത്തോളജിക്കൽ അനാറ്റമി വകുപ്പിൽ അസിസ്റ്റന്റായിരിക്കെ അതിന്റെ വകുപ്പ് മേധാവിയും മെനിഞ്ചൈറ്റിസിന്റെ ബാക്ടീരിയ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ വീഷൽബോം ആയിരുന്നു പ്രേരകശക്തി. ഇവിടെ വച്ചാണ് വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായ രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്.
പോളിയോ, സിഫിലിസ് തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധവുമായി ബന്ധപ്പെട്ടും ലാൻഡ്സ്റ്റൈനർ വലിയ സംഭാവനകൾ നൽകി. സിഫിലിസ് രോഗത്തിന്റെ പ്രതിരോധ ഘടകങ്ങളായ ഹാപ്റ്റെൻസ് കണ്ടുപിടിച്ചതും സീറോളജി എന്ന ശാഖയിൽ രസതന്ത്രത്തിനു സ്ഥാനം നൽകിയതും അദ്ദേഹമാണ്.1922ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു.1930ൽ നോബൽ സമ്മാനം ലഭിച്ചു.


