Fri. Oct 9th, 2026

കൊച്ചി: കേരള യുക്തിവാദിസംഘം നൽകിയ ഹർജിയിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കാത്തതെന്തെന്ന കാര്യത്തിൽ കേരള സർക്കാർ വിശദീകരണം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് സർക്കാർ കൊടുത്ത വിശദീകരണം തള്ളി ഹൈക്കോടതി. ഈ സർക്കാർ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇതോടെ ഹൈക്കോടതിയിൽ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. യുക്തിവാദിസംഘവും കേരളാ ശാസ്ത്രസാഹിത്യ പരിഷത്തും വര്ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യമാണ് ഇത്. ഇലന്തൂർ നരഹത്യയെ തുടർന്ന് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്.

സർക്കാർ നൽകിയ സത്യവാങ്മൂലം പര്യാപ്തമല്ലെന്നും നിയമനിർമ്മാണം എന്തുകൊണ്ട് സാധ്യമല്ല എന്നതിനെ സംബന്ധിച്ച് കൂടുതൽ വിശദീകരണം ഉൾപ്പെടുത്തിക്കൊണ്ട് പുതിയ കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ അനാചാരങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള നിലപാടെടുത്താൽ അത് അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ നിങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാകും എന്നും കോടതി വാക്കാൽ വിമർശിച്ചു.നിയമനിർമ്മാണം നിയമനിർമ്മാണ സഭയുടെ ഉത്തരവാദിത്വം ആണെങ്കിലും ചില സാഹചര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടാൻ സാധിക്കും എന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാന ആഭ്യന്തരവകുപ്പ് 21.6. 2025 ൽ കോടതിയിൽ ഫയൽ ചെയ്ത സത്യവാത്മൂലത്തിൽ ഇത്തരത്തിലുള്ള ഒരു നിയമ നിർമാണത്തെക്കുറിച്ച് സംസ്ഥാന മന്ത്രിസഭ പ്രാഥമിക ചർച്ചകൾ നടത്തിയെങ്കിലും അത് വേണ്ട എന്ന് തീരുമാനിച്ചതായി സൂചിപ്പിക്കുന്നു. നിയമനിർമ്മാണം സർക്കാരിൻറെ നയപരമായ തീരുമാനമാണെന്നും കോടതിക്ക് ഇടപെടാൻ സാധ്യമല്ലെന്നും യുക്തിവാദി സംഘത്തിൻറെത് അനാവശ്യ ഹർജി ആണെന്നും തള്ളിക്കളയണമെന്നുമായിരുന്നു സർക്കാർ വാദം. ആഭ്യന്തരവകുപ്പിന് വേണ്ടി ഡെപ്യുട്ടി സെക്രട്ടറി ആണ് സത്യവാങ്മൂലം നൽകിയിരുന്നത്.

ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ 2019 ൽ ആഭിചാര മന്ത്രവാദ നിരോധന നിയമം നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ ശുപാർശ നടപ്പിലാക്കുന്നതിനു സർക്കാറിന് നിർദ്ദേശം കൊടുക്കണമെന്നും പൊതു താൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. കേസ് വീണ്ടും ജൂലൈ 15ആം തീയതി പരിഗണിക്കും. കേരള യുക്തിവാദി സംഘം, ഇലന്തൂർ നരബലിയുടെയും അനുബന്ധ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ 2022 ൽ ആണ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്.