Tue. Nov 24th, 2026

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. കഴിഞ്ഞ വെള്ളിയാഴ്ച (13\6\25)നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രതികൂല കാലാവസ്ഥയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ ഗ്രോസ് 36 ലക്ഷം ആണെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്നുള്ള രണ്ട് ദിനങ്ങളിലും കളക്ഷന്‍ വര്‍ധിച്ചു. രണ്ടാം ദിനത്തില്‍ 57 ലക്ഷം നേടിയ ചിത്രം ഞായറാഴ്ച അത് 74 ലക്ഷത്തിലേക്കും വര്‍ധിപ്പിച്ചു. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 1.67 കോടിയാണ്. കേരളത്തിന് പുറത്തും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 71 ലക്ഷം നെറ്റ് നേടിയ ചിത്രം രണ്ടാം ദിനം 1.31 കോടിയും മൂന്നാം ദിനം 1.76 കോടിയും നേടി. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നേടിയ നെറ്റ് കളക്ഷന്‍ 3.78 കോടിയാണ്.

വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.