✍️ സുരേഷ്. സി.ആർ
”കുട്ടിക്കാലം മുതൽക്കു സകലജാതിജീവികളെയും നോക്കിനടക്കുവാൻ ഇഷ്ടപ്പെട്ടിരുന്ന എനിക്കു കാലക്രമേണ പക്ഷികളോടു പ്രത്യേകിച്ചൊരു സ്നേഹമുണ്ടായിത്തീർന്നു. ഇതിനു മുഖ്യകാരണം ഞാൻ താഴ്ന്ന ക്ലാസ്സുകളിൽ പഠിക്കുമ്പോൾത്തന്നെ പക്ഷികളെപ്പറ്റിയുള്ള പുസ്തകങ്ങളാണ് എളുപ്പം കണ്ടെത്തിയിരുന്നതെന്നാണ്.”
മലയാളത്തിൽ പക്ഷി നിരീക്ഷണ ശാസ്ത്രത്തെകുറിച്ചുള്ള എഴുത്തിനും, പക്ഷി നിരീക്ഷണ ഭ്രമത്തിനും തുടക്കമിട്ടയാളാണ് ‘ഇന്ദുചൂഡൻ എന്ന കെ.കെ.നീലകണ്ഠൻ’ (1923 – 1993). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.
പ്രകൃതി, അത്യത്ഭുതങ്ങളും അറിവും നിറഞ്ഞൊഴുകുന്ന അക്ഷയപാത്രമാണ് എന്ന് കണ്ടുപിടിക്കുന്നതിനുള്ള ഒരു കുറുക്കുവഴിയാണ് അദ്ദേഹത്തിന് പക്ഷി നിരീക്ഷണം. കേവലം കൗതുകത്തിന്റെയും വിനോദത്തിന്റെ ഭാഗമായിരുന്നില്ല. മനുഷ്യനെ പ്രകൃതിയോട് ഇണക്കുന്നതിനാണ് ഇന്ദുചൂഡൻ പക്ഷികളെക്കുറിച്ച് ജീവിതം മുഴുവൻ പറഞ്ഞത്.
പാലക്കാട് ജില്ലയിലെ കാവശ്ശേരിയിൽ ജനനം. മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെ നിന്ന് അദ്ദേഹം മദ്രാസ് ലയോള കോളെജിലേക്കും തലശ്ശേരി ബ്രണ്ണൻ കോളെജിലേക്കും രാജമുണ്ട്രിയിലേക്കും പാലക്കാട് വിക്ടോറിയ കോളെജിലേക്കും മാറി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കേ അദ്ദേഹം 1978-ൽ അദ്ധ്യാപനത്തിൽ നിന്നും വിരമിച്ചു.
‘കേരളത്തിലെ പക്ഷികൾ ‘ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവായാണ് ഇംഗ്ലീഷ് അധ്യാപകനായ ഇന്ദുചൂഡൻ ഏറെ ശ്രദ്ധേയനായത്. കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ഏറ്റവും വലുതും ആധികാരികവുമായ ഗ്രന്ഥമാണിത്. കേരളീയനെ, മനുഷ്യൻ എന്ന ജീവിയെ റെഡ് ഡാറ്റാബുക്കിൽ നിന്ന് അകറ്റിനിറുത്താൻ ‘കേരളത്തിലെ പക്ഷികൾ ‘ എന്ന കൃതി സഹായിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം ആന്ധ്രപ്രദേശിലെ രാജമേന്ദ്രിക്കടുത്തുള്ള കൊല്ലേരുവിലെ തടാക കരയിൽ കണ്ടെത്തിയതും, ചക്കയ്ക്കുപ്പുണ്ടോ കുയിൽ അനറാഞ്ചിപ്പക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്നതും, കുഞ്ഞുങ്ങളെ ആനറാഞ്ചികൾ തീറ്റിപ്പോറ്റുന്നതും കണ്ടെത്തിയത് അദ്ദേഹമാണ്.
വിവിധ പക്ഷികളുടെ പ്രജനനം, ശബ്ദാവലി എന്നിവ അദ്ദേഹം വിശദമായി പഠിച്ചു. തീപ്പൊരിക്കണ്ണൻ, കാടുമുഴക്കി എന്നീ പക്ഷികളുടെ ശബ്ദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ശാസ്ത്രത്തിന് പുത്തൻ അറിവുകളായിരുന്നു. കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകൻ ഇന്ദുചൂഡനാണ്.
‘പക്ഷികളും മനുഷ്യരും’ എന്ന ഗ്രന്ഥത്തിന് ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാർഡും കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡും ലഭിച്ചു. പരിസ്ഥിതി, പക്ഷികൾ, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ‘പുല്ലുതൊട്ട് പൂനാര വരെ’ എന്ന ലേഖന സമാഹാരത്തിന് കേരള സർക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാരവും ലഭിച്ചു.
സാലിം അലി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം ഈ രംഗത്ത് അറിയപ്പെടുന്നത് ഇന്ദുചൂഡൻ തന്നെയാണ്.


