Mon. Nov 23rd, 2026

2018-ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ മീടൂ ആരോപണം ഉന്നയിച്ചത് തമിഴ് ചലച്ചിത്രമേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഏഴ് വര്‍ഷത്തോളം വിലക്കും സൈബര്‍ ആക്രമണവുമാണ് ചിന്മയി നേരിട്ടത്. ഇപ്പോള്‍ വൈരമുത്തുവിനെ വിമര്‍ശിച്ചും ചിന്മയിക്ക് പിന്തുണയര്‍പ്പിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജയുടെ സഹോദരന്‍കൂടിയായ ഗാനരചയിതാവ് ഗംഗൈ അമരന്‍. വൈരമുത്ത് തന്റെ സുഹൃത്താണെങ്കിലും തെറ്റ് ചെയ്താല്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം നല്ല കവി ആണെന്നും എന്നാല്‍ നല്ല മനുഷ്യനല്ലെന്നും ഗംഗൈ അമരന്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഒരു സ്ത്രീ തനിക്ക് സംഭവിക്കുന്ന അനീതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നമ്മള്‍ അവളോടൊപ്പം നില്‍ക്കണം. അങ്ങനെ ചെയ്യാത്തവരെയും ആ മനുഷ്യനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ഞാന്‍ അപലപിക്കുന്നു. ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് കരുതി. അദ്ദേഹം തെറ്റ് ചെയ്യുമ്പോള്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്നതിനര്‍ത്ഥമില്ല. അദ്ദേഹം എന്റെ സുഹൃത്താണെന്ന് കരുതി അദ്ദേഹത്തിനെതിരെ സംസാരിക്കരുതെന്ന് എനിക്ക് ചിന്മയിയോട് പറയാന്‍ കഴിയുമോ? അദ്ദേഹം ഒരു നല്ല കവിയാണ്, അതില്‍ സംശയമില്ല, പക്ഷേ അദ്ദേഹം നല്ല മനുഷ്യനല്ല,’ ഗംഗൈ അമരന്‍ പറഞ്ഞു.

മണിരത്നം ചിത്രം തഗ്ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ചിത്രത്തിലെ മുത്ത മഴൈ എന്ന ഗാനത്തിന്റെ തമിഴ് വേഴ്ഷന്‍ ചിന്മയി ആലപിച്ചിരുന്നു. തമിഴ് പതിപ്പില്‍ ധീ പാടിയ ഗാനം ധീയുടെ അഭാവത്തില്‍ ചിന്മയി പാടുകയായിരുന്നു. ചിത്രത്തിന്റെ തെലുഗു ഹിന്ദി പതിപ്പുകളില്‍ ഇതേ ഗാനം ചിന്മയിയാണ് പാടിയത്. ഓഡിയോ ലോഞ്ചിലെ മുത്തമഴയുടെ ചിന്മയി വേര്‍ഷന്‍ ഒറിജിനലിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതോടെയാണ് ബ്രിങ് ബാക്ക് ചിന്മയി മൂവ്മെന്റ് ട്രെന്‍ഡിങ്ങായത്.

2018ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി.