Fri. Nov 20th, 2026

മോഹന്‍ലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിനിമ ആരാധകര്‍ പ്രതീക്ഷിച്ച പോലെ തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചാണ് നടന്റെ പ്രതികരണം.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും, മണിയന്‍പിള്ള രാജുവും, അന്‍വര്‍ റഷീദും ഒന്നിച്ച് ഒരു ആക്ഷന്‍ കോമഡി സിനിമ ചെയ്തിരുന്നു. അതാണ് ഛോട്ടാ മുംബൈ. സിനിമ റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഏറെ കാലമായി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുണ്ടായിരുന്നു. ഇപ്പോള്‍ പരിഹാരം ആയിരിക്കുകയാണ്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഛോട്ടാ മുംബൈ പുതിയ ഭാവത്തിലും രൂപത്തിലും നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്. നിങ്ങള്‍ പ്രതീക്ഷിച്ച പോലെ തിയേറ്റര്‍ അനുഭവം സിനിമ നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് കാണാം ഛോട്ടാ മുംബൈ,’ മോഹന്‍ലാല്‍ പറഞ്ഞു.

നേരത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായ തുടരും തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം.