✍️ സി.ആർ.സുരേഷ്
‘പ്രകടമാക്കാനാവാത്ത സ്‌നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും’ –(നീർമാതളം പൂത്തകാലം).
മലയാള ഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച് ആറുപതിറ്റാണ്ടുകാലം മലയാളിയെ ആത്മസൗന്ദര്യത്തിന്റെ വിവിധ ഭാവങ്ങൾ അനുഭവിപ്പിച്ച കഥാകാരിയായിരുന്നു മാധവിക്കുട്ടി(1934 – 2009). സ്ത്രീ മനസ്സിന്റെ നിഗൂഢവും സങ്കീര്‍ണ്ണവുമായ ഭാവതലങ്ങള്‍ തന്റെ രചനകളില്‍ ആവിഷ്ക്കരിച്ച അവർ ‘ആധുനിക ഇന്തോ ആംഗ്ലിയന്‍ കവിതയുടെ മാതാവ്’ എന്ന് അറിയപ്പെടുന്നു.
മലയാളത്തിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷിൽ കമലാദാസ് എന്ന പേരിലും രചന നിർവഹിച്ച അവർ നോവലിസ്റ്റും ചെറുകഥാകൃത്തും, കവയിത്രിയുമായിരുന്നു. ഇംഗ്ലീഷിൽ കവിതയെഴുതുന്ന ഇന്ത്യാക്കാരിൽ പ്രമുഖയായിരുന്നു.
ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് മാധവിക്കുട്ടി. എഴുതുമ്പോൾ ഭയത്തിന്റെ അർത്ഥം അറിയാതെ, വിനാശത്തിന്റെ മുന്നേറ്റം പോലെയാണ് അവർ എഴുതിയിരുന്നത്. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നപ്പോലെ അവർ ലൈംഗീകതയെയും വിശകലനം ചെയ്തു. സ്വപ്‌നവും ജീവിതവും രണ്ടും രണ്ടുവഴിയ്‌ക്ക് നീങ്ങിയപ്പോഴുണ്ടായ നഷ്ടബോധങ്ങളും സ്വപ്‌നങ്ങളുമാണ് മാധവിക്കുട്ടി മലയാളത്തിന് സമ്മാനിച്ച മിക്ക കൃതികളിലും.
സ്ത്രീകളുടെ ലൈംഗീക അവകാശങ്ങളെയും അഭിലാഷങ്ങളെയുംക്കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികൂടിയാണ്. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ‘ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് ‘ എന്ന സംഘടന രൂപീകരിച്ചു. 1999ൽ ഇസ്ലാം മതം സ്വീകരിച്ച് ‘കമല സുരയ്യ’ എന്ന പേര് സ്വീകരിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ പുന്നയൂര്‍ കുളത്ത് നാലപ്പാട്ട് കുടുംബത്തില്‍ ജനനം. ബാല്യകാലം കല്‍ക്കത്തയിലായിരുന്നു.
‘സമ്മര്‍ ഇന്‍ കല്‍ക്കത്ത’ എന്ന കൃതിയിലൂടെ എഴുത്തിന്റെ ലോകത്തെത്തി. ആദ്യ രചനകള്‍ പ്രധാനമായും ഇംഗ്ലീഷിലായിരുന്നു.
നഷ്ടപ്പെട്ട നീലാംബരി, നീർമാതളം പൂത്തകാലം, ചന്ദനമരങ്ങൾ, ഒറ്റയടിപ്പാത, മാനസി, പക്ഷിയുടെ മണം, തണുപ്പ്, ബാല്യകാല സ്മരണകൾ, എന്റെ നിശാവസ്ത്രം തുടങ്ങി നിരവധി കൃതികൾ മലയാളത്തിലും കൽക്കട്ടയിലെ വേനൽ, കാമത്തിന്റെ അക്ഷരങ്ങൾ, ചൂളംവിളികൾ, തിരഞ്ഞെടുത്ത കവിതകൾ തുടങ്ങിയവ ഇംഗ്ലീഷിലും രചിച്ചു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘എന്റെ കഥ’ ആത്മകഥാപരമായ കൃതിയാണ്.
വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, കേരള സാഹിത്യഅക്കാഡമി അവാർഡ്, ഏഷ്യൻ വേൾഡ് പ്രൈസ്, ഏഷ്യൻ പോയട്രി പ്രൈസ്, കെന്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ ലഭിച്ചു. 1984-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
പത്രാധിപരായിരുന്ന വി എം നായർ അച്ഛനും കവയിത്രി ബാലമണിയമ്മ അമ്മയും കവി നാലപ്പാട്ട് നാരായണമേനോൻ അമ്മാവനുമാണ്. ഭർത്താവ് മാധവദാസ് അന്താരാഷ്ട്ര നാണ്യനിധിയുടെ സീനിയർ കൺസൾട്ടന്റായിരുന്നു.
”ജാലകത്തിന്റെ സ്ഫടികത്തിൽ തട്ടി കുരുവി നിമിഷങ്ങളോളം അതിന്‍മേൽ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചിൽനിന്നും രക്തം വാർന്ന് സ്ഫടികത്തിന്‍മേൽ പടർന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാർന്നു വീഴട്ടെ. ആ രക്തംകൊണ്ട് ഞാൻ എഴുതട്ടെ. ഭാവിയുടെ ഭാരമില്ലാത്ത ഒരാൾക്കുമാത്രം എഴുതാൻ കഴിയുന്നവിധത്തിൽ, ഓരോ വാക്കും ഒരനുരഞ്ജനമാക്കി ഞാനെഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാനിഷ്ടപ്പെടുന്നു. എന്റെ ഉളളിൽ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകൾപ്പരപ്പിലേക്കുയർന്നുവന്ന് ഗദ്യമെന്ന താരതമ്യേന ദൃഢതരമായ രൂപത്തിൽ ഒതുങ്ങുമ്പോൾ വാക്കുകൾക്ക് അവയുടെ സംഗീതം നഷ്ടപ്പെട്ടു പോകുന്നുവെങ്കിലും ഇതിനെ കവിത എന്നു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുളള കഴിവുണ്ടാകണമെന്ന് എല്ലാക്കാലത്തും ഞാൻ ആഗ്രഹിച്ചു പോന്നു……” (എന്റെ കഥ)


