ബെംഗളൂരു: സ്വര്ണക്കടത്ത് കേസില് അറസ്റ്റിലായ നടി രന്യ റാവുവിന്റെ കസ്റ്റഡി ഏപ്രില് 21 വരെ നീട്ടി. ബെംഗളൂരു സെഷന്സ് കോടതിയാണ് രന്യയുടെയും കൂട്ടുപ്രതികളായ തരുണ് രാജു, സാഹില് സക്കറിയ ജെയ്ന് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മാര്ച്ച് മൂന്നിന് ഡിആര്ഐയുടെ പിടിയിലായ നടി, നിലവില് പരപ്പന അഗ്രഹാര സെന്ട്രല് ജയിലിലാണുള്ളത്. 2.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്ണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തരവിമാനത്താവളത്തില് നിന്ന് ഡിആര്ഐ അറസ്റ്റുചെയ്തത്.
പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹില് സക്കറിയ ജെയ്നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില് നിന്നും കടത്തിക്കൊണ്ട് വരുന്ന സ്വര്ണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹില് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്. ഈ വിവരം ലഭിച്ചതോടെ കേസിന്റെ അന്വേഷണം കൂടുതല് ആഴത്തില് കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി നല്കിയിരിക്കുന്നത്.
രന്യയെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് സുഹൃത്ത് തരുണ് രാജുവിനെ പോലീസ് അറസ്റ്റുചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് തരുണ്. കര്ണാടകയിലെ ഹോട്ടല് ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വര്ണക്കടത്തില് ഇവര് ഒന്നിച്ച് പ്രവര്ത്തിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് 26 ദുബായ് യാത്രകള് നടത്തിയിരുന്നു.
ഈ യാത്രളിലെല്ലാം ഇവര് സ്വര്ണം കടത്തിയിരുന്നു. ഇതില് പല യാത്രകളും രാവിലെ ദുബായിലേക്ക് പോയി, വൈകിട്ട് തിരിച്ചുവരുന്ന തരത്തിലായിരുന്നു. ദുബായില് നിന്ന് സ്വര്ണം കടത്തുന്നതിനിടെ രന്യ തരുണുമായി ബന്ധപ്പെട്ടിരുന്നു എന്ന പോലീസിന്റെ കണ്ടെത്തലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റിന് മുമ്പ് തരുണ് രാജ്യം വിടാന് ശ്രമിച്ചിരുന്നതായും ഡിആര്ഐ വെളിപ്പെടുത്തിയിരുന്നു. അന്വേഷണം തുടരവെ മാര്ച്ച് 26-നാണ് മൂന്നാംപ്രതി സാഹില് അറസ്റ്റിലായത്.


