Sat. Nov 21st, 2026

കൊച്ചി: ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് 593 കോടി രൂപ പ്രവാസികളില്‍ നിന്ന് സമാഹരിച്ചെന്ന് ഇ.ഡി. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍ നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറിയെന്നുമാണ് കണ്ടെത്തൽ. കൂടാതെ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ആര്‍ബിഐ, ഫെമ ചട്ടലംഘനങ്ങളാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം നേരത്തെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. തുടർന്ന് പിടിച്ചെടുത്ത ഒന്നരക്കോടിയുടെ ചിത്രങ്ങളും ഇ.ഡി പുറത്തുവിട്ടിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഇ.ഡി ഗോകുലം ഗോപാലനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച് റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.

ഇന്നലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ച് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം നടന്നത്.

ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാര്‍ നടത്തിയ കൊടും ക്രൂരതകളെ പ്രതിപാദിച്ച ‘എമ്പുരാന്‍’ സിനിമ നിര്‍മിച്ചതില്‍ മുഖ്യ പങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്. എംപുരാന്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 24 ഇടങ്ങളില്‍ സിനിമ സെന്‍സര്‍ ചെയ്തിരുന്നു

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908