‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ട്രെൻഡിങ്ങിൽ തുടരുകയാണ്. ബോക്സിങ് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നിറയെ ഹ്യൂമറും ഉണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ഒളിമ്പിക് താരം വിജേന്ദർ സിംഗ്, തമിഴകത്തെ സൂപ്പർ താരങ്ങളായ വിജയ് സേതുപതി, കാർത്തി എന്നിവരും ട്രെയ്‌ലർ റീ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം ഏപ്രിൽ 10ന് വിഷു റിലീസായി തിയേറ്ററിലെത്തും. ട്രെയ്‌ലറിന്റെ ക്വാളിറ്റി പാൻ ഇന്ത്യൻ ലെവലിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇതിനകം 55 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും വൻ വിജയം നേടുകയും ചെയ്ത പ്രേമലുവിനും തല്ലുമാലക്കും ശേഷം നസ്ലിനും, ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ആലപ്പുഴ ജിംഖാനയുടെ റിലീസിനായി കേരളത്തിന് പുറത്തുള്ള പ്രേക്ഷകരും കാത്തിരിക്കുന്നുണ്ട്.
കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

