Mon. Nov 23rd, 2026

ഇരിഞ്ഞാലക്കുട: ബുദ്ധ – ജൈന പാരമ്പര്യങ്ങളുടെ മുദ്രകൾ പേറുന്ന പ്രാചീന ക്ഷേത്രങ്ങളെയാകെ വ്യാജചരിത്ര നിർമ്മിതി കൊണ്ട് ബ്രാഹ്മണീകരിക്കുകയായിരുന്നു എന്നും കൂടൽമാണിക്യം – ബ്രാഹ്മണരുടെ ക്ഷേത്രമായിരുന്നില്ല. അത് ഈഴവരുടെയും, പുലയരുടെയും, പറയരുടെയും ജൈന സങ്കേതമായിരുന്നു എന്നും ഡോ. അജയ് ശേഖർ. അവിടെ ജൈന സമൂഹം ആരാധിച്ചിരുന്നത് ഭരതേശ്വരൻ എന്ന ചക്രവർത്തിയെ ആയിരുന്നു. ആദ്യത്തെ തീർഥാങ്കരൻ ആയിരുന്ന റിഷഭനാദിന്റെ മൂത്ത മകൻ ഭരതേശ്വരൻ. ജൈന മതത്തിലെ 24 തീർത്തങ്കരന്മാരിൽ ഒരാളായിരുന്നു ഭരതേശ്വരനും. ഈ ജൈന കുടിയിരുപ്പിനെ അക്രമത്തിലൂടെ പിടിച്ചടക്കിയശേഷം, പിന്നെ കള്ള ഐതീഹ്യ കഥകൾ എഴുതി നാട്ടുകാരെ വിഡ്ഢികളാക്കിയാണ്, ശ്രീരാമന്റെ അനുജൻ ഭാരതനാണ് എന്ന് പറഞ്ഞു ബ്രാഹ്മണർ ആരാധന തുടങ്ങി വച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമൻ വിഷ്ണുവിൻ്റെ ഒരു അവതാരമായതിനാൽ ഭരതനേയും വിഷ്ണുവിൻ്റെ അംശാവതാരമാണെന്നുംപറഞ്ഞു പുതിയ പ്രതിഷ്ഠ വിഷ്ണുവിഗ്രഹമാക്കി രൂപാന്തരപ്പെടുത്തുകയും കൂടൽമാണിക്യ ക്ഷേത്രത്തിൻറെ ജൈനമത ചരിത്രം നശിപ്പിക്കുകയുമായിരുന്നു.

ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതിവിവേചനത്തിനും അയിത്തത്തിനുമെതിരെ കേരള യുക്തിവാദി സംഘം മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുടയിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്തസോടെയും, ആഭിജാത്യത്തോടെയും ജീവിച്ച ഒരു ജനതയുടെ സകലതും പിടിച്ചു പറിച്ചു സ്വന്തമാക്കിയ ശേഷം, അവരെ അധികൃതവർഗ്ഗമാക്കി ചവിട്ടി താഴ്ത്തുകയും പിടിച്ചു പറിച്ച സ്വത്തുക്കൾ വച്ചു പുതിയൊരു കപട സംസ്കാരമുണ്ടാക്കുകയും അതെല്ലാം ആചാരങ്ങളാണെന്നുപറഞ്ഞു ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴക ജോലിയിലേക്ക് ഒരീഴവൻ ഓടിളക്കി ഇറങ്ങി വന്നതല്ല; രാജ്യത്തെ നിയമസംവിധാനങ്ങളനുശാസിക്കും വിധം യോഗ്യതാ മാനദണ്ഡങ്ങളോടെ നിയമിക്കപ്പെട്ടതാണ്. സർക്കാരുത്തരവിനെ ധിക്കരിക്കാൻ ഈ ക്ഷേത്രജീവികൾക്ക് തൻ്റേടമുണ്ടാവുന്നതിൻ്റെ നാണക്കേട് യഥാർത്ഥത്തിൽ സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രപരിസരത്തെ പൊതുവഴിയിൽ പൊതുജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാൻ 1946 – ൽ കുട്ടംകുളം സമരത്തിലൂടെ വൻപിച്ച ജനമുന്നേറ്റം നടന്ന നാടാണിത്. വീണ്ടും ആ വഴി കൈയ്യേറാൻ ക്ഷേത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ പരാന്നഭോജികൾ ഏതാനും വർഷം മുൻപ് ശ്രമിച്ചപ്പോൾ, അതിനെ മറികടന്ന് സഞ്ചാരസ്വാതന്ത്ര്യം വീണ്ടെടുക്കാൻ ജനങ്ങൾക്ക് സുദീർഘ പ്രക്ഷോഭങ്ങളും കോടതിയുടെ ഉത്തരവുകളും വേണ്ടി വന്ന ചരിത്രവും ഡോ.അജയ് ശേഖർ വിശദീകരിച്ചു.