✍️ ലിബി. സി.എസ്
കേരള കൗമുദി പത്രത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരനായി ഒരു ഈഴവ വിഭാഗത്തിൽ പെട്ടയാളെ നിയമിച്ചതിനെ വലിയ വിപ്ലവമായി ഒരാഴ്ച മുമ്പ് കൊണ്ടാടിയിരുന്നു, ഏതാണ്ട് ചൂദ്രന്മാരായി മാനസീക പരിണാമം സംഭവിച്ചുകഴിഞ്ഞ ചില ഈഴവന്മാരും ഈഴവസംഘികളുടെ ഗ്രൂപ്പുകളിലും തങ്ങൾക്ക് ജാതിശ്രേണിയിൽ കുറച്ചുകൂടി ഉയർച്ച കിട്ടിയെന്ന് കരുതിയോ എന്തോ ഈ മാലകെട്ട് ഉദ്യോഗലബ്ദി ഒരു മഹാകാര്യം ആണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നുമുണ്ടായിരുന്നു,
തുടർന്ന് വാര്യർ സമുദായം അപ്പോൾ തന്നെ ഈ നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കേരളകൗമുദി തന്നെ വേറൊരു രോദനവുമായി ഇറങ്ങിയിട്ടുണ്ട്, അത് ഷെയർ ചെയ്ത് ചില ശൂദ്ര ഈഴവന്മാർ രോധിക്കുന്നുമുണ്ട്.
ഈഴവ മാലകെട്ടുകാരന്റെ മാല ദൈവത്തിന് അലർജി ആയതിനാൽ ഹിന്ദു ദൈവത്തിൻറെ തന്തമാരായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ബ്രാഹ്മണ തന്ത്രിമാർ പ്രതിഷ്ഠാദിന ഉത്സവ ചടങ്ങുകൾ ഉൾപ്പെടെ ബഹിഷ്കരിച്ചു എന്നാണ് വാർത്ത. തുടർന്ന് ബ്രാഹ്മണൻ പ്രത്യേക ക്ളാസ് ആണെന്നു കണ്ടുപിടിച്ച ബിപ്ലവ ദേവസ്വം ബോർഡ് ഇടപെട്ട് പിഷാരടിയെ തന്നെ കഴകക്കാരനാക്കി മാറ്റി നിയമിച്ച് ആചാരം സംരക്ഷിക്കുകയും ദേവസ്വം, തന്ത്രിമാരുടെ ബഹിഷ്ക്കരണ സമരം അവസാനിപ്പിക്കുകയും ചെയ്തതായാണ് വാർത്തയിൽ ഉള്ളത്.
എന്തായാലും ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് നിയമനം നൽകിയ ആൾക്ക് മാല കെട്ടിയാലും കെട്ടിയില്ലെങ്കിലും ശമ്പളം കിട്ടുമെന്നതിനാൽ ഇത് വളരെ നല്ല ഒരിതായി കണക്കാക്കുകയല്ലേ വേണ്ടത്?
ക്ഷേത്രകാര്യങ്ങൾ മന്ത്രിയല്ല തന്ത്രിയാണ് തീരുമാനിക്കുന്നതെന്നു പറയുന്ന ‘നവകേരള’ സർക്കാരോ ‘ബ്രാഹ്മണൻ പ്രത്യേക ക്ളാസാണെന്ന്’ കണ്ടുപിടിച്ച ബിപ്ലവകാരികളോ ഒക്കെ ഇനി ഹൈക്കോടതിയിലും മാലവിഷയത്തിൽ മാത്രം തന്ത്രിയല്ല ഇതൊക്കെ തീരുമാനിക്കുന്നതെന്ന് വേറൊരു നിലപാട് സ്വീകരിക്കാൻ പറ്റുമോ? ഇനി സുപ്രീംകോടതിവരെ പോയാലും അവിടെയും ബ്രാഹ്മണർക്കനുകൂലമായ 2 വിധികൾ കിടപ്പുണ്ട്.
വാസ്തവത്തിൽ ഇത് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാത്രമല്ല ചില സ്വകര്യ ക്ഷേത്രങ്ങളിൽ പൂജചെയ്യുന്ന കർമ്മബ്രാഹ്മണന്മാരായ ഈഴവമ്പൂരിമാരും ഈ വിവേചനം അനുഭവിക്കുന്നുണ്ട്. ഞങ്ങളുടെ നാട്ടിൽ AKDS ന് (ധീവര സഭ) ഒരു ക്ഷേത്രമുണ്ട്, അതൊരു പട്ടിണി ദൈവമായിരുന്ന ചെറിയൊരു കുടുംബക്ഷേത്രമാണ്. കുറച്ചുകാലമായി ഹിന്ദു പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉയർന്നു വന്നതാണ്. അവിടെ പൂണൂലൊക്കെയുള്ള ഒരു ചോകാമ്പൂരിയാണ് പൂജിക്കുന്നത്. പക്ഷെ വിശേഷദിവസങ്ങളിൽ വേറൊരു ബ്രാഹ്മണൻ വരും. അയാൾ വരുമ്പോൾ ഈ ചോകാമ്പൂരി ക്ഷേത്രം മാത്രമല്ല പൂജാപാത്രങ്ങളും തിടപ്പള്ളിയും ഉൾപ്പെടെ കഴുകിയിട്ടിട്ട് പട്ടിയെപ്പോലെ മാറിനിൽക്കണം, അതാണാവസ്ഥ എന്ന് അയാൾതന്നെ തീരദേശ ബ്രാഹ്മണന്മാരാണെന്നും പറഞ്ഞുനടക്കുന്ന വേറൊരുതരം കോമഡി പീസുകളായ ധീവരന്മാരെ പറ്റി എന്നോട് കുറ്റം പറഞ്ഞതാണ്.
അതുപിന്നെ ഒരു സ്വകര്യ ക്ഷേത്രമല്ലേ അതവരുടെ സൗകര്യം പോലെ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ എന്നോർത്തു ഞാൻ അത് അന്ന് വർത്തയാക്കിയില്ല.
എല്ലാ ഇന്ത്യക്കാരെയും തുല്യപൗരന്മാരായി കാണുന്ന ഇൻഡ്യൻ ഭരണഘടന പ്രകാരം ഇത് തെറ്റാണ്. പക്ഷെ ഇന്ത്യയിലെ പരമോന്നത കോടതി ഉൾപ്പെടെ പറയുന്നത് വർണ്ണം നല്ലതാണെന്നാണ്. ബാഹ്മണന് കീഴ്പ്പെട്ട് ജീവിക്കുന്ന ജനവിഭാഗമാണ് ഹിന്ദു എന്നാണ്.
സുനാതന ഹിന്ദുമത ആചാരപ്രകാരം ആണെങ്കിലും അവരുടെ വേദശാസ്ത്രങ്ങൾ പ്രകരം ആണെന്കിലും അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ബ്രാഹ്മണരെ സേവിക്കലാണ് മറ്റ് മൂന്ന് വർണ്ണങ്ങളുടെയും സ്വ ധർമ്മം. ഇതിലൊന്നും പെടാത്ത അവർണ്ണ ഹിന്ദുവിന് ഇതിൽ എന്താണ് കാര്യം?
*സ്വ ധർമേ നിധനം ശ്രേയ
പര ധർമോ ഭയാ വഹ” എന്നാണ് പഹവാൻ കിഷ്ണൻ പറഞ്ഞിട്ടുള്ളത്. രാമനും ഇതുതന്നെ പറഞ്ഞിട്ടുണ്ട്.
സനാതന അധർമ്മത്തിന്റെ ഏറ്റവും പ്രാചീനമെന്ന് അവകാശപ്പെടുന്ന ഋഗ്വേദത്തിൽ മുതൽ സകല വൃത്തികെട്ട പുസ്തകങ്ങളിലും ജാതിയുണ്ട്. അതുകൊണ്ടാണ് സഹോദരൻ അയ്യപ്പൻ
“മുയൽ ക്കൊമ്പ് കിട്ടിയേക്കാം
ആകാശക്കുരുന്ന് കിട്ടിയേക്കാം
വയ്ക്കോൽ തുറൂവിൻറെ വേരും
കിട്ടിയേക്കാം, എന്നാലും
ജാതിയില്ലാത്ത സനാതന ധർമ്മം കിട്ടുകയില്ല” എന്ന് പറഞ്ഞത്.
സഹോദരൻ ഇതൊന്നും വായിക്കാതെ പറഞ്ഞതല്ല, അദ്ദേഹം പഴയ ഡബിൾ മെയിൻ ബിഎ ആണ്. ഒരുവിഷയം ഇൻഡ്യൻ ഹിസ്റ്ററിയും ഒരുവിഷയം സംസ്കൃതവും ആയിരുന്നു. അദ്ദേഹത്തിന് സംസ്കൃതത്തിൽ നല്ല പാണ്ഡിത്യവും ഉണ്ടായിരുന്നു.
സനാതന ധർമ്മത്തിൽ ഹിന്ദുക്കളുടെ എല്ലാ ദൈവങ്ങൾക്കും ത്രയ് വർണ്ണികർ അല്ലാത്ത മനുഷ്യരോട് തീണ്ടൽ ഉണ്ട്. ഈ വർണ്ണങ്ങളിലെ മനുഷ്യർ തമ്മിൽ പരസ്പരവും തീണ്ടൽ ഉണ്ട്. അതെങ്ങനെയാണ് അഹിന്ദു ആയ, അല്ലെങ്കിൽ ഹിന്ദുവിശ്വാസം അനുസരിച്ച് കഴിഞ്ഞ ജന്മത്ത് ദുഷ്പ്രവർത്തികൾ ചെയ്ത് അവർണ്ണനായി ജനിച്ച നാരായണഗുരു വിചാരിച്ചാൽ മാറ്റാനാവുക? അങ്ങനെ പറ്റുമെന്ന് കരുതുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്.
അതുകൊണ്ടാണ് അദ്ദേഹം സമാന്തരമായ ആരാധനാലയങ്ങൾ സ്ഥപിച്ച് അവിടെ ഈ തീണ്ടലും വിവേചനവും ഇല്ലെന്നും അവ “മാതൃകാസ്ഥാനങ്ങൾ” ആണെന്നും പറഞ്ഞെത്. അതിനിടയിൽ ക്ഷേത്രപ്രവേശനം എന്ന ഉഡായിപ്പുമായി സർ സിപി അവതരിക്കുമെന്നോ, തൻറെ അനുയായികൾ ഇതൊക്കെ മുട്ടുശാന്തി മാത്രമായിട്ടാണ് കണ്ടതെന്നോ അവർ തന്നെ ഉപേക്ഷിച്ചു സവർണ്ണന്റെ പിന്നാലെ പോകുമെന്നോ ചിന്തിച്ചുകാണില്ല. അതാണ് അഴീക്കോട് മാഷ് ‘1928 ൽ ശ്രീനാരയണ ഗുരു സമാധി ആയത് നന്നായി ഒരു 8 വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ 1936 ൽ തൻറെ പ്രസ്ഥാനത്തിൻറെ പതനം കണ്ട് അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനെ’ എന്ന് പറഞ്ഞത്.
‘ഈഴവരെ രാഷ്ട്രീയമായി നിര്വീര്യമാക്കുകയും സാംസ്കാരികമായി വന്ധ്യം കരിക്കുകയുമാണ് ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തമ്പുരാക്കന്മാര് സാധിച്ചത്’ എന്ന് ഡോ. എം എസ് ജയപ്രകാശ് സാറും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഹിന്ദു അല്ലാത്ത ദളിതനും ഈഴവനും ഹിന്ദു ആയി മാർക്കം കൂടിയിട്ട് അവരുടെ ആചാരങ്ങൾ നിങ്ങൾക്ക് തോന്നുന്നതുപോലെ ആക്കണം എന്നുപറഞ്ഞാൽ അവർ സമ്മതിക്കുമോ? അല്ലെങ്കിൽ തന്നെ അത് ന്യായമാണോ?
ഏതു മതത്തിനും അതിന്റെതായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട്. നിങ്ങൾക്ക് ആ മതത്തിൽ തുടരണമെങ്കിൽ അതിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിക്കുക. ഇല്ലെങ്കിൽ കളഞ്ഞിട്ടു പോകുക. ഹിന്ദുമതത്തിന്റെ ക്ഷേത്രങ്ങളും ആചാര അനുഷ്ടാനങ്ങളും സംരക്ഷിക്കാനാണ് ദേവസ്വം ബോർഡ് ഉണ്ടാക്കിയിട്ടുള്ളത്.
നുമ്മടെ ബിപ്ലവ കേസരികൾ 2018 ൽ നാടുമുഴുവൻ നവോത്ഥാന തള്ളു പ്രസംഗങ്ങൾ നടത്തുകയും പിന്നീട് സംഘികൾക്കൊപ്പം ചേരുകയും ഉത്ഥാനം പോയി നവകേരളം ആകുകയും ചെയ്തതിനു ശേഷം പിന്നെ 2024 ൽ പൊങ്ങി ചിന്ത പാദസേവക പതിപ്പിറക്കുകയും സർവമത സമ്മേളന തള്ളു പ്രസംഗംങ്ങൾ നടത്തുകയും ചെയ്ത ശേഷം ഇപ്പോൾ ഗുരു – ഗാന്ധി സംവാദത്തിന്റെ വരാൻപോകുന്ന 100 തള്ള് പ്രസംഗങ്ങൾ കണ്ടിട്ടൊന്നും ചോകാമ്പൂരികൾ പനിക്കണ്ട.
“ദൈവാധീനം ജഗത് സർവ്വം,
മന്ത്രാധീനം തു ദൈവതം,
തൻമന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം”
– ശതപത ബ്രാമണം
ജന്തു ആചാരങ്ങൾക്കൊപ്പം!
തന്ത്രിമാർക്കും പിഷാരടിമാർക്കും ഒപ്പം!
ജയ് സനാതന അധർമ്മം!
“ഹിന്ദുമതം ഇന്ത്യയിൽ നാമാവശേഷമാകുമ്പോൾ ഇന്ത്യ നന്നാകും. അന്ന് ഇന്ത്യ സ്വയം ഭരിക്കുകയും ചെയ്യും. അതുവരെ ഇന്ത്യ കരയേണ്ടി തന്നെ ഇരിക്കും” – സഹോദരൻ അയ്യപ്പൻ


