മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ റണ്‍ ടൈം ഉള്ള സിനിമയ്ക്ക് യു/ എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. സെന്‍സര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിലെ ചിത്രത്തിന്റെ പ്ലോട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. അതായത് 3 മണിക്കൂറോളം. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തത് വെറും 10 സെക്കന്‍ഡ് മാത്രമാണ്. ഇതില്‍ 4 സെക്കന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആവശ്യാനുസരണം മാറ്റി ചേര്‍ത്തിട്ടുമുണ്ട്.
ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശക്തി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്.

