ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. പനാമയില്‍ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. പനാമയില്‍ നിന്ന് തിരിച്ചയയ്ക്കുന്ന ആദ്യ സംഘമാണിത്. ഇതില്‍ 4 പേര്‍ പഞ്ചാബ് സ്വദേശികളാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ അമേരിക്ക നടത്തിന്നത്. 17-ാം തീയതിയാണ് 112 കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്.
നാല് തവണയായി ആകെ 347 പേരെയാണ് ഇതുവരെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഫെബ്രുവരി അഞ്ചിനാണ് 104 പേരുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ സി-17 സൈനിക വിമാനം അമൃത്‌സറിലെത്തിയത്. കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിലാണ് ഇവരെ കൊണ്ടുവന്നത്.

