മലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ പ്രമോഷനായി വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കായി പ്രത്യേക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് വ്യത്യസ്ത പ്രമോഷന്‍. ചേട്ടന്‍ ആന്‍ഡ് ചേച്ചി ട്രെന്‍ഡിങ് ഇന്‍ ഇസ്റ്റഗ്രാം എന്ന മുഖവുരയോടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷണ്മുഖനും ലളിതയും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടെന്നും തരുണ്‍ മൂര്‍ത്തി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡ്രൈവര്‍ ഷണ്മുഖന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അക്കൗണ്ടിന്റെ ഐ.ഡി. ഡ്രൈവര്‍ @ ടാക്സി സ്റ്റാന്‍ഡ് എന്നാണ് ബയോ. ലളിത ഷണ്മുഖന്‍ എന്ന ഐ.ഡിയിലാണ് ശോഭനയുടെ അക്കൗണ്ട്. പവിത്രം മില്‍സ് ഓണര്‍ എന്നാണ് ബയോ. കഴിഞ്ഞ ദിവസം പുറത്തുവന്ന പാട്ടുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇരു അക്കൗണ്ടുകളിലേറെയും.
കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി. ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാര്‍ ആണ്.

