Sun. Nov 22nd, 2026

ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ എന്നതില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങള്‍ ഇതിലുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരില്‍ വെച്ച് നടന്ന രക്ഷാകര്‍തൃ- അധ്യാപക സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭാഷയേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ അത് അടിച്ചേല്‍പ്പിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നു. എന്‍ഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്ന് അകറ്റും – സ്റ്റാലിന്‍ പറഞ്ഞു.

പട്ടികജാതി/ പട്ടികവർഗ്ഗ, ബിസി വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് പുറമെ മൂന്ന് അഞ്ച് എട്ട് ക്ലാസുകള്‍ക്ക് പൊതുപരീക്ഷകള്‍ നടത്താനും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനും എന്‍ഇപി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.