✍️ ലിബി. സി.എസ്
1951-ൽ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയ ദിനമാണിത്. എന്നാൽ 2011 ൽ ആണ് അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത്. 56 ഇഞ്ചുകാരൻ കയറിയിട്ട് ഇതുവരെ സെൻസസ് പോലും നടത്തിയിട്ടേയില്ല. ആ സാഹചര്യത്തിലാണ് നമ്മൾ ജാതി സെൻസസ് നടത്തുമെന്ന് വ്യാമോഹിക്കുന്നത്. 2011 ൽ കേന്ദ്ര സർക്കാർ നടത്തിയ സെൻസസിൽ തെറ്റുകൾ ഉണ്ടെന്നും, അത് സംസ്ഥാനങ്ങൾക്ക് കൈ മാറുന്നതിൽ സുപ്രീം കോടതി വിധി തടസ്സം ആണെന്നും, സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ സ്വന്തം നിലയിൽ ജാതി സെൻസസ് നടത്താം എന്നുമാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ കേരള സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
ഭരണഘടനയുടെ 105 ആം ഭേദഗതി പ്രകാരം പിന്നോക്ക വിഭാഗങ്ങളെ കണ്ടെത്താൻ സെൻസസ് നടത്താനുള്ള അവകാശം സംസ്ഥാന സർക്കാരുകൾക്ക് ആണ്. ഏതായാലും കേരളത്തിലെ നവകേരള നവകേരള സർക്കാർ അങ്ങനൊരു സെൻസസ് നടത്താൻ ഒരു സാധ്യതയുമില്ല.
ജാതിസെൻസസ് നടത്തിയിട്ട് ഇവിടെ ഇപ്പോൾ പിന്നോക്കാവസ്ഥ ഇവരെല്ലാം ഐക്യകണ്ഡേന പറയുംപോലെ അഗ്രഹാരങ്ങളിലും നായർ തറവാടുകളിലും ആണെങ്കിൽ പിന്തള്ളപ്പെട്ടിരിക്കുന്ന ആ സമുദായങ്ങളെ OBC ലിസ്റ്റിൽ ഉൾപെടുത്താമല്ലോ? അവർക്ക് നായരും നമ്പൂതിരിയുമൊക്കെ ആയിരുന്നുകൊണ്ടുതന്നെ OBC ആകാമല്ലോ OBC എന്നത് ജാതിയുടെ പേര് അല്ലല്ലോ? സമുദായങ്ങളുടെ അവസ്ഥ ജാതി സെൻസസ് നടത്തിയാൽ തെളിയും, അത് തങ്ങൾക്ക് എതിരായിരിക്കുമെന്ന് NSS നു അറിയാം.
ജാതി സെൻസസ് വിഷയത്തിൽ ഇവിടുത്തെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും കാണിക്കുന്നത് ഉഡായിപ്പ് മാത്രമാണ്. സാമൂഹ്യ നീതി നടപ്പിലാക്കണമെങ്കിൽ ജനസംഖ്യാനുപാതികമായി നിയമനിർമ്മാണ സഭകളിലും സർക്കാർ സർവീസിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോർഡുകളിലും ജുഡീഷ്യറിയിലും ഒക്കെ എല്ലാ സമുദായക്കാർക്കും അർഹമായ പ്രാതിനിദ്ധ്യം വേണം എന്നറിയാത്തവരല്ല ഇവരാരും. എന്നിട്ടും എന്താണ് ജാതി സെൻസസ് നടപ്പിലാക്കാത്തത്? രാഹുൽ വെറുതെ പറയുന്നതല്ലാതെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അതേക്കുറിച്ച് മൗനം പാലിക്കുന്നത് എന്താണ്? വെറും ഉഡായിപ്പുകൾ മാത്രമാണ് ഇവയെല്ലാം. ബീഹാറിൽ ജാതി സെൻസസ് നടപ്പിലാക്കിയത് അവിടെ ഇപ്പോഴും ഒബിസി രാഷ്ട്രീയം ശക്തമായതുകൊണ്ടാണ്, അവിടെ ബിജെപി ഉൾപ്പെടെ ഒബിസി രാഷ്ട്രീയമാണ് കളിക്കുന്നത്. കർണ്ണാടകത്തിൽ കോൺഗ്രസ് ചെയ്തത് എന്തെന്ന് അറിയില്ലേ?
നെഹ്രുവിന്റെ കാലം മുതൽ സനാതന കോൺഗ്രസിന് ഈ നിലപാടുതന്നെയാണ്, സുരേഷ്ഗോപി സ്വപ്നം കാണുമ്പോലെ ഉന്നതകുലജാതരുടെ ഒരു കിനാശേരി തന്നെയാണ് ഇവരെല്ലാം സ്വപ്നം കാണുന്നത്, സുരേഷ്ഗോപിക്ക് വിവരമില്ലാത്തതുകൊണ്ട് വെട്ടിത്തുറന്ന് പറയുന്നു എന്നേയുള്ളൂ. അതിന് തടസമായി നിൽക്കുന്ന ഏക സാധനം ഭരണഘടനയാണ്. അതിനെ എങ്ങിനെയൊക്കെ മറികടക്കാമെന്ന് അവർക്കറിയാം. അതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇവരെല്ലാം ഐക്യമുന്നണിയാണ്. നെഹ്റു ബ്രാഹ്മണനും ശങ്കരൻ ബ്രാഹ്മണനുമൊക്കെ അക്കാര്യത്തിൽ ഒരേ നിലപാടുകാരാണ്. അവർ ചില ഔദാര്യങ്ങളൊക്കെ തരും അതും മേടിച്ചു കഴിഞ്ഞോളണം. നിങ്ങളുടെ അവകാശമാണെന്നും അവരെപ്പോലെ തുല്യപങ്കാളിത്തം വേണമെന്നും പറഞ്ഞൊന്നും ചെന്നേക്കരുത്!
ഭരണഘടനയുടെ 340ആം വകുപ്പ് പ്രകാരം പിന്നോക്ക വിഭാഗത്തെ കണ്ടുപിടിക്കുന്ന മാനദണ്ഡം കണ്ടെത്താനായി ഒരു കമ്മിഷനെ നിയമിക്കാന്‍ തന്നെ നെഹ്റുവിന് രണ്ടു കൊല്ലം വേണ്ടിവന്നു.
1955ല്‍ സംവരണ വിരുദ്ധരായ ആളുകളെ ചേർത്തുണ്ടാക്കിയ ആ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നൊക്കെ അറിയാമല്ലോ? കമ്മിറ്റി ചെയര്മാന് കാക്കാ കലെക്കാര് തന്നെ സംവരണം ജാതിയുടെ പേരില്‍ കൊടുക്കുന്നതിനെ ശക്തിയായി എതിര്‍ക്കുകയായിരുന്നു. ആ കമ്മീഷനിലെ ബഹുപൂരിപക്ഷം ആളുകളും ഒബിസിക്ക് സംവരണം കൊടുക്കുന്നതിന് എതിരായിരുന്നു.
വീണ്ടും മണ്ഡല് കമ്മീഷനെ വെക്കുകയും അദ്ദേഹം ജാതി ആണ് ഇൻഡ്യയിൽ പിന്നോക്ക അവസ്ഥയ്ക്ക് കാരണമെന്നും അത് കൊണ്ട് സംവരണം ജാതിയുടെ അടിസ്ഥാനത്തില്‍ കൊടുക്കണം എന്നും ഒക്കെ വിശദമായ റിപ്പോര്‍ട്ട് സമർപ്പിച്ചെങ്കിലും 1990 ൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയും വി.പി. സിംഗ് അധികാരത്തില്‍ വരികയും ചെയ്യുന്നതുവരെ അത് അലമാരിയിൽ തന്നെ വെക്കാൻ പ്രത്യേക ശ്രദ്ധകാണിക്കുകയും ചെയ്തു.
വി.പി. സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയപ്പോൾ അതിനെ ശക്തമായി എതിർത്തത് കോൺഗ്രസ് ആണ്. അന്നത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന രാജീവ് ഗാന്ധിയുടെ പ്രസംഗമൊക്കെ നെറ്റിലുണ്ട്. വീണ്ടും കോൺഗ്രസിന് അധികാരം കിട്ടിയപ്പോൾ നരസിംഹറാവുവിന്റെ സർക്കാർ അതിനെ അട്ടിമറിക്കാൻ ക്രീമിലെയർ നടപ്പിലാക്കി. ഇതാണ് സുനാതന കോൺഗ്രസിൻറെ പിന്നോക്ക സ്നേഹം. അവസാനം എല്ലാവരും ചേർന്ന് യാതൊരു എതിർപ്പുമില്ലാതെ സവർണ്ണ സംവരണവും പാസാക്കി. ഇപ്പോൾ സംഘികൾ പട്ടികജാതിക്കാർക്കും ക്രീമിലെയർ ഏർപ്പെടുത്തിക്കൊണ്ട് സംവരണത്തിൻറെ ലക്ഷ്യത്തെ തന്നെ പൂർണ്ണമായി അട്ടിമറിച്ചു. ഇന്ത്യൻ പാർലമെന്റിൽ അമ്മയും രണ്ടുമക്കകളും എംപി മാരായ ഫമിലി എന്നനിലയിൽ നെഹ്റു കുടുംബത്തിന് അന്നും ഇന്നും പ്രിവിലേജിന് കുറവൊന്നുമില്ല.
നമ്മൾ ഓർമ്മകൾ ഇല്ലാത്ത ജനതയായി മാറരുത്. ഇവരെല്ലാം അവശ്യപ്പെടുന്നത് അതാണ്. ഇന്നലെയോളം എന്തെന്നറിഞ്ഞാലേ ഇനി നാളെയും എന്തെന്നറിയാനാവൂ. അതിനാണ് ചരിത്രം പഠിക്കുന്നത്. സി.പി.ഐ മാത്രമാണ് ഒബിസി സംവരണത്തിന് ഒപ്പം നിന്നതും സുപ്രീംകോടതിയിൽ ഉൾപ്പെടെ കേസ് നടത്തിയതുമെല്ലാം. എന്നാൽ പിന്നോക്ക ജനതയും നന്ദിയില്ലാത്തവർ ആയതിനാൽ അവർ സിപിഐക്ക് ഒപ്പം നിന്നില്ല എന്നതും വാസ്തവമാണ്. ഇപ്പോൾ സിപിഐയും നിലപാട് മാറ്റിയിരിക്കുകയാണ്.
ഇവരെല്ലാം സുനാതനികളായിക്കൊണ്ട് സാമൂഹിക സമത്വം അംഗീകരിക്കാതെ പഴയ വർണ്ണാശ്രമ വ്യവസ്ഥിതി ജനാധിപത്യകാലത്തും രാഷ്ട്രീയപാർട്ടികളെ ഉപയോഗിച്ചുകൊണ്ട് എങ്ങനെ നിലനിർത്തി കൊണ്ട് പോകാമെന്നുള്ള സവർണ്ണ തന്ത്രത്തിന്റെ ഭാഗമായിരിക്കുകയും പിന്നോക്കക്കാരനും സുനാതനി ആയിരിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ സാമൂഹ്യനീതി സ്വപ്നം കാണുക പോലും വേണ്ട.
ജനാധിപത്യത്തിൽ സമുദായ സംഘടകൾക്കും അവരവരുടേതായ ജോലി ഉണ്ട്. നിങ്ങൾ പ്രഷർ ഗ്രൂപ്പുകൾ അല്ലാത്തിടത്തോളം കാലം ഇവന്മാർ ആരും നിങ്ങളെ മൈൻഡ് ചെയ്യില്ല. ജാതി സെൻസസ് കേരളത്തിൽ നടപ്പിലാക്കണമെങ്കിൽ ഒബിസി സമുദായങ്ങൾ തന്നെ അതിന് ആവശ്യമായ സാഹചര്യം സംജാതമാക്കണം. അങ്ങനെ ഒരു സാഹചര്യമുണ്ടാകാതെ കോൺഗ്രസുകാർ കൊണ്ടുവരുമെന്നും പറഞ്ഞിരിക്കുന്നത് വെറും വിഡ്ഢിത്തം മാത്രമാണ്.
സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സാമൂഹ്യനീതി ലഭ്യമാക്കാത്തതല്ല കേരളത്തിലെ പ്രബലമായ പിന്നോക്ക സമുദായക്കാരുടെ ഇപ്പോഴത്തെ വിഷയം. സുനാതനി കളുടെ അമ്പലത്തിൽ ഷർട്ടിട്ടു കയറണോ ഷഡ്ഢിയിട്ട് കയറണോ എന്നതാണ്!


