Thu. Nov 26th, 2026

ആസിഫ് അലി-അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ ഒരുക്കിയ രേഖാചിത്രത്തെ പ്രശംസിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഗംഭീര സിനിമയാണ് രേഖാചിത്രമെന്നും ആരെങ്കിലും സിനിമ കാണാന്‍ വിട്ടു പോയെങ്കില്‍ ഉറപ്പായും പോയി കാണണമെന്നും ദുല്‍ഖര്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ച ദുല്‍ഖര്‍, ആസിഫിനെ പുകഴ്ത്തി. രേഖാചിത്രത്തിലേക്കും കഥാപാത്രത്തിലേക്കും മനസര്‍പ്പിച്ച ആസിഫ് എല്ലാവിധ സ്‌നേഹവും അര്‍ഹിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘രേഖാചിത്രം എന്ന അതി ഗംഭീരമായൊരു സിനിമ കണ്ടു. ആരെങ്കിലും ഈ സിനിമ കാണാന്‍ വിട്ടു പോയെങ്കില്‍ ഉറപ്പായും പോയി കാണണം. ഇതൊരു ത്രില്ലര്‍ സിനിമയാണ്. ഇതില്‍ നിഗൂഢതകളുണ്ട്. മലയാളം സിനിമാസ്വാദകര്‍ക്ക് മാത്രം ആസ്വദിക്കാനാകുന്ന ഗൃഹാതുരത്വമുണ്ട് ഇതില്‍. ഒപ്പം അവശ്വസനീയമായ പ്രകടനങ്ങളുമായി എന്റെ പ്രിയപ്പെട്ടവരും’, എന്ന് ദുല്‍ഖര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു താരത്തിന്റെ പ്രശംസ.

‘ആസിഫ്.. ഈ ചിത്രത്തിലും കഥാപാത്രത്തിലും മനസ് അര്‍പ്പിച്ചതിന് എല്ലാവിധ സ്‌നേഹവും അര്‍ഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിന് പിന്നിലുള്ള നിഗൂഢതകള്‍ പുറത്തു കൊണ്ടുവന്ന് അവര്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലെ നിരാശയും വേദനയും മനോധൈര്യവുമെല്ലാം ഞങ്ങളെ നിങ്ങളുടെ കാഴ്ചക്കാരാക്കി മാറ്റി. രേഖയെ അവതരിപ്പിച്ച അനശ്വരയില്‍ ഒരുപാട് പ്രതീക്ഷകളും നിഷ്‌കളങ്കതയും ഉണ്ടായിരുന്നു. വിന്‍സന്റായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മനോജേട്ടാ നിങ്ങള്‍ കാഴ്ചവച്ചത്. വിന്‍സന്റ് ശരിക്കും ഭയപ്പെടുത്തി. മറ്റെല്ലാ അഭിനേതാക്കളും അതി ഗംഭീരമായിരുന്നു. എല്ലാവരുടെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ജോഫിന്‍, അപ്പു, മുജീബ്, ഷമീര്‍, സമീറ തുടങ്ങി സിനിമയുടെ മുഴുവന്‍ ടെക്‌നീഷ്യന്‍സിന്റെയും പ്രകടനം മാതൃകാപരമാണ്. ഇനിയും ഇത്തരം മികച്ച വര്‍ക്കുകള്‍ മലയാളത്തിന് സമ്മാനിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ’, എന്നും ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.