Sat. Nov 21st, 2026

✍️ ശംസീർ ചാത്തോത്ത്

ഓർമ്മകൾ പങ്കുവെക്കുകയും അതോടൊപ്പം തന്റെ നിലപാടും രാഷ്ട്രീയവും വെട്ടിത്തുറന്ന് പറയുകയും. സിനിമയോടൊപ്പം വായനയും ജീവിതവും പറഞ്ഞ്, സ്ത്രീ പക്ഷം ശക്തമായും വെടിപ്പോടും വാദിക്കുകയും അതിവിദഗ്ധമായി തന്റെ ആശയങ്ങളെ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുകയും ചെയ്ത പുസ്തകമാണ് ലാലി പി എമ്മിന്റെ ‘ലാലിപോപ്സ്’.

അവരുയർത്തിക്കാട്ടുന്ന എല്ലാ വിഷയങ്ങളും നമുക്കിടയിൽ നിരന്തരം ചർച്ചാ വിഷയമായി വരുന്നവയാണ്. പറഞ്ഞു തുടങ്ങുമ്പോൾ ചിലപ്പോൾ ചിലത് യോജിക്കാൻ പറ്റാത്തതായി തോന്നുകയും എന്നാൽ വായനയുടെ യാത്രയിൽ ലാലി പറഞ്ഞത് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ത്രീ പക്ഷത്ത് നിന്നുള്ള കുറിപ്പുകളാണ് ഏറെയും. ഈ സമൂഹത്തിന്റെ അലിഖിത നിയമങ്ങളെ ചാട്ടവാർ കൊണ്ടടിക്കുകയാണ് ലാലി. ഓർമ്മകൾ പങ്കുവെക്കുമ്പോളും സിനിമയും വായനയും രാഷ്ട്രീയവുമെല്ലാം പറയുമ്പോഴും, അവിടെങ്ങളിലൊക്കെ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നതായി കാണാം.

ഫെമിനിസം അത് സ്ത്രീകൾക്ക് വേണ്ടി മാത്രമല്ലെന്നും അത് പുരുഷ സമൂഹത്തിന് കൂടി വേണ്ടതാണെന്നും പറയുന്നണ്ട് എഴുത്തുകാരി. ഫെമിനിസത്തിന്റെ അപകടം പിടിച്ച ഭാഗങ്ങളെ മറച്ചു പിടിക്കാൻ ലാലി ശ്രമിച്ചിട്ടുണ്ട്.. പറയുമ്പോൾ എല്ലാം പറയണമല്ലോ..? എല്ലാമുൾപ്പെടുത്തിയില്ലെങ്കിലും ചിലത് ചൂണ്ടി കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് എനിക്ക് തെന്നി. വായനയിൽ ഫെമിനിസം എന്ന ആശയ സഞ്ചാരത്തിൽ വാസ്തവ വിരുദ്ധമായ ഒന്നുമുണ്ടെന്ന് തോന്നിയില്ല. എല്ലാം കൃത്യമാണ്, വ്യക്തവും.

എന്നാൽ ഇതിൽ സ്ത്രീപക്ഷം മാത്രമാണ് പറഞ്ഞു പോവുന്നതെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ പക്ഷവും കൃത്യമായും ശക്തമായ ഭാഷയിൽ പറയുന്നുണ്ട്. “പുരുഷ സങ്കല്പ്പം” എന്ന കുറിപ്പിൽ ഒരാണിനോട് തോന്നുന്ന ബഹുമാനവും ഇഷ്ടവുമെല്ലാം അടയാളപ്പെടുത്തിയത് കാണാം.. “തൊഴിൽ മാഹാത്മ്യം” എന്ന മറ്റൊരു കുറിപ്പാവട്ടെ മറ്റൊരു വിഷയത്തെ കുറിച്ചാണ് പറയുന്നത്. അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ അടിയായിട്ടാണ് എഴുത്തുകാരി ഈ കുറിപ്പിനെ കുറിച്ച് പറഞ്ഞത്. കക്കൂസിന്റെ ടാങ്ക് നിറയുകയും, മറ്റൊരാൾ വന്ന് ബക്കറ്റിനാൽ കോരിയൊഴിക്കുന്നതും കണ്ട അയാളോട് എഴുത്തുകാരിക്ക് ബഹുമാനമാണത്രേ.

എനിക്ക് ഈ പുസ്തകം ഒരുപാട് അറിവുകൾ സമ്മാനിച്ചിട്ടുണ്ട്. പുതിയ പുസ്തകങ്ങളെ പരിചയപ്പെടാൻ അവസരപ്പെട്ടിട്ടുണ്ട്. സ്ത്രീ പക്ഷം നിൽക്കേണ്ട ഒരുപാട് കാരണങ്ങൾ കണ്ടെത്താൻ ഈ പുസ്തകത്തിലൂടെ സാധിച്ചിട്ടുണ്ട്.

ഇതിൽ കുഞ്ഞു കുഞ്ഞു കഥകൾ ഉൾപ്പെടുത്തിയ ഭാഗമുണ്ട്. ലാലിയുടെ ‘എന്റെ മാവും പൂക്കും’ എന്ന ചെറുകഥയിലെത്തിയപ്പോൾ.. ബാല സാഹിത്യത്തിന്റെ രുചി അനുഭവപ്പെട്ടു. ‘ലാലി പോപ്സി’ലെ കുഞ്ഞു കുഞ്ഞു കഥകളുള്ള ഭാഗം വായിച്ചപ്പോൾ എനിക്ക് തോന്നിയത്, ലാലിക്ക് ബാല സാഹിത്യത്തിൽ മികച്ച കൃതികൾ സമ്മാനിക്കാനുള്ള കഴിവുണ്ടെന്നാണ്. കുട്ടികൾക്കിടയിൽ മികച്ച വായന സമ്മാനിക്കാൻ ഇതിലെ ചില കഥകൾക്ക് കഴിയുമെന്ന് തോന്നി.

‘നിഷ്ക്കളങ്കതയുടെ ചിത്രശാല’ എന്ന മറ്റൊരു കഥയുണ്ട്. നിഷ്കളങ്ക ബാല്യത്തെ കൃത്യമായി അടയാളപ്പെടുത്തിയ ഒരു കഥയാണ്. ഈ കഥ വായിക്കുമ്പോൾ ഓരോ വായനക്കാരും അവനവന്റെ വീടോർമ്മകളിൽ എത്തും. കുഞ്ഞുനിന്നാളിലെ കുസൃതിയോർമ്മകൾ വന്നുമൂടും. ഒരു കുഞ്ഞുമോളിൽ നിന്ന് തുടങ്ങി അവളിൽ തന്നെ അവസാനിപ്പിക്കുന്ന കഥ. ബന്ധുവീട്ടിലെ ഒരു കല്ല്യാത്തിന് പങ്കെടുക്കാനും പാൽപ്പായസം കുടിക്കാനുമുള്ള ഒരു കുഞ്ഞിന്റെ മോഹത്തെ പാടെ തിരസ്ക്കരിക്കുന്ന ഭാഗം. അവസാനം, “നെറ്റിയിലുമ്മ തരാൻ വരുന്ന അമ്മയുടെ കണ്ണുകളെന്തിനാ നിറയുന്നത്..? എന്റെ സങ്കടമൊക്കെ പോയല്ലോ.. ” എന്ന ഭാഗം വായിക്കുമ്പോൾ അറിയാതെ വായനക്കാരന്റെ കണ്ണിനെയും ഒരല്പം നനയിക്കും.

ഈ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറാവുമ്പോൾ കുറിപ്പുകളെ എത്രത്തോളം ഗൗരവത്തിലാണ് എഴുത്തുകാരി സമീപിച്ചതെന്ന് ഊഹിക്കാൻ പറ്റും. ഗൗരവപൂർവ്വമെടുത്ത് ഒഴിവാക്കേണ്ടതിനെ ഒഴിവാക്കിയും നാന്നാക്കേണ്ടതിനെ നന്നാക്കിയും ചെയ്തിരുന്നുവെങ്കിൽ മികച്ചതിൽ മികച്ചത് ആയേനെ…

ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന “നല്ല അമ്മയല്ല ഞാൻ…” എന്ന ഒരു കുറിപ്പും മറ്റൊരു കുറിപ്പും ഒരേ വിഷയത്തിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത്. അതിനാൽ രണ്ടാമത്തെ കുറിപ്പ് വായനയിൽ അത്ര സുഖം ലഭിച്ചില്ല. മാത്രവുമല്ല അതിൽ നിന്ന് മറ്റൊന്നും ലഭിക്കാതെയും പോയി.

‘ഞാൻ ലാലി പി.എം’ എന്ന ആദ്യ അദ്യായത്തിൽ സ്വയം പരിചയപ്പെടുത്തി ഓർമ്മകൾ പങ്കുവെക്കുന്ന ഒരിടത്ത് ഒരു കുഞ്ഞു മിസ്റ്റേക്ക് വായനയിൽ ശ്രദ്ധിച്ചു (ആവർത്തന വിരസത).
‘ലാലി പോപ്സ്’ ഏറെ വായിക്കപ്പെടട്ടെ.. ആശംസകൾ.

ഗൂസ്ബെറി ബുക്സ് ആണ് പ്രസാധകർ. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് NetBanking വഴി പണം അടയ്ക്കുന്നതിനുപുറമേ ഇതേ ലിങ്കിൽത്തന്നെ UPI, Cash On Delivery ഓപ്ഷനുകളുമുണ്ട്. വാട്സാപ്പിലൂടെ ഓർഡർ നൽകി പുസ്തകം വാങ്ങേണ്ടവർക്ക് അതിനുള്ള അവസരവുമുണ്ട്. അതിനായി പുസ്തകത്തിന്റെ മുഖവിലയായ 299 രൂപ 6235178393 എന്ന നമ്പറിലേക്ക് GPay/ PhonePay ചെയ്ത് Payment റസീപ്റ്റിനൊപ്പം പിൻകോഡും ഫോൺനമ്പറും അടക്കമുള്ള പൂർണ്ണമായ വിലാസം ഇതേ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. VPP വഴി പുസ്തകം ലഭിക്കാനും ഇതേ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.