കൊച്ചി: സാന്ദ്ര തോമസിനെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ. എറണാകുളം സബ് കോടതിയാണ് സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരും വരെ സാന്ദ്ര തോമസിന് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗമായി തുടരാം.
സാന്ദ്ര തോമസ് നല്കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്. മതിയായ വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം, സാന്ദ്ര തോമസ് നിർമ്മാതാക്കളുടെ സംഘടനയെ രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമാ തർക്കപരിഹാരവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ തനിക്ക് ലൈംഗികാധിക്ഷേപം നേരിട്ടെന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് സാന്ദ്രയെ പുറത്താക്കിയത്.

